കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമൃദ്ധമായി കണ്ടുവരുന്ന മത്സ്യമാണ് തിരുത . ഓരുജലത്തിൽ വളർത്താൻ ഏറെ അനുയോജ്യമായ മത്സ്യം കൂടിയാണിത്. വളരെ വേഗത്തിൽ വളരുന്ന ഇവയ്‌ക്ക് മറ്റു മത്സ്യങ്ങളുമായി പെട്ടന്ന് പൊരുത്തപ്പെട്ടുപോകാനുമുള്ള കഴിവുണ്ട്. തിരുതയുടെ മാംസത്തിന്റെ രുചി തന്നെയാണ് ആ മീനുകളെ ഭക്ഷണപ്രേമികൾക്കിടയിൽ പ്രിയമാക്കുന്നത്. ഉയർന്ന കമ്പോളവിലയും ഇവയ്‌ക്കുണ്ട്.
വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്. മീനിന്റെ അടിഭാഗത്ത് കറുപ്പും നീലയും കലർന്ന വലിയൊരു അടയാളവും വാലിനറ്റത്ത് കറുത്ത അടയാളവും കാണാം. ഓരുജലത്തിൽ ചെമ്മീനുകളോടൊപ്പം ഇവയെ വളർത്താം. കൂടാതെ തിലാപ്പിയ, പൂമീൻ, കണമ്പ്, കരിമീൻ എന്നിവയോടൊപ്പവും തിരുതയെ വളർത്താവുന്നതാണ്. ഓരുജല മത്സ്യമാണെങ്കിലും തിരുത ശുദ്ധജലത്തിലും വളരുമെന്നത് തിരുത മീൻ കൃഷി ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
ശ്രീലങ്ക, പാകിസ്ഥാൻ, വിയറ്റ്നാം, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, ആസ്ത്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും തിരുത മത്സ്യങ്ങളെ വളർത്തുന്നത്. തമിഴ്നാട്ടിൽ കടൽത്തീരങ്ങളിൽ നിന്നു ശേഖരിക്കുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തിയശേഷം ഉൾനാടൻ ശുദ്ധജലാശയങ്ങളിൽ വളർത്തിയാണ് കൂടുതലായും മത്സ്യകൃഷി നടത്തുന്നത്. പശ്ചിമബംഗാളിൽ തടാകങ്ങളിലും നെൽവയലുകളിലും തിരുത മത്സ്യം കൃഷി ചെയ്യുന്നുണ്ട്.
Comments