തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ ആക്രമണം. പ്രവർത്തകർ പോലീസിനു നേരെ കുപ്പിയും, കല്ലും എറിഞ്ഞ് പ്രകോപനം ഉണ്ടാക്കിയതോടെയാണ് പ്രതിഷേധ പ്രകടനം അക്രമത്തിലേക്ക് നീങ്ങിയത്. കിഴക്കേകോട്ടയിൽ നിന്നും ക്ലിഫ് ഹൗസിലേക്കാണ് പോപ്പുലർഫ്രണ്ട് മാർച്ച് നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റി പോലീസിനു നേരെ കുതിച്ചുകയറുകയായിരുന്നു. ഇതോടെ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടെ കൂട്ടത്തിലുള്ളവർ പോലീസുകാർക്ക് നേരെ കല്ലും, കുപ്പികളും വലിച്ചെറിയുകയായിരുന്നു. നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പ്രവർത്തകർ പിൻമാറാൻ തയ്യാറായിട്ടില്ല.
ആലപ്പുഴയിൽ നടന്ന കൊലവിളി മുദ്രാവാക്യത്തെ തുടർന്ന് പോപ്പുലർഫ്രണ്ട് നേതാക്കളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംസ്ഥാന നേതാക്കളെയുൾപ്പെടെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാണ് ഈ സംഭവത്തിൽ പോപ്പുലർഫ്രണ്ടിന്റെ ആരോപണം. ഇതിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.
പോപ്പുലർ ഫ്രണ്ട് പ്രതിഷേധ മാർച്ചിൽ ആക്രമണ സാധ്യത പോലീസ് മുൻകൂട്ടി കണ്ടിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കയ്യിൽ കല്ലും കുപ്പികളും കരുതിയാണ് പലരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. മാർച്ച് പോലീസ് തടഞ്ഞ ഉടനെ പോലീസിനു നേരെ കല്ലേറ് നടന്നു. ഇതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. എന്നാൽ ജലപീരങ്കി പ്രയോഗിച്ചിട്ടും പോപ്പുലർ ഫ്രണ്ടുകാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. പല ഭാഗത്തും തമ്പടിച്ച് നിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് തലസ്ഥാന നഗരിയിൽ കാണാൻ കഴിഞ്ഞത്.
ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗത്തും പോപ്പുലർ ഫ്രണ്ടുകാർ പോലീസിനെ തടയാൻ ശ്രമിച്ചിരുന്നു. പോലീസ് വാഹനം തടഞ്ഞ് അറസ്റ്റു ചെയ്ത പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ പോപ്പുലർ ഫ്രണ്ടുകാർ നടത്തിയത് . ഇത് പരാജയപ്പെട്ടതോടെ തലസ്ഥാന നഗരിയിൽ സംഘടിച്ചെത്തി ഭീതി പടർത്താനാണ് നിലവിലെ ശ്രമം.
Comments