തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യസുരക്ഷാ ലാബുകൾ തുറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കണ്ണൂരിലും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകൾ. ഇപ്പോൾ നടക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഏതാനും നാളുകൾക്ക് മുമ്പ് ആറ് മൊബൈൽ ഭക്ഷ്യപരിശോധന ലാബുകൾ കൂടി നിലവിൽ വന്നതോടെ സംസ്ഥാനത്തെ 14 ജില്ലകളിലും നിലവിൽ മൊബൈൽ ഭക്ഷ്യപരിശോധന ലാബുകൾ സജ്ജമാണ്. ഈ സാഹചര്യത്തിൽ പരിശോധനകൾ ഇനിയും വർധിപ്പിക്കുമെന്നും പരിശോധന കലണ്ടർ പരിഷ്‌കരിക്കുമെന്നും വീണാ ജോർജ്ജ് അറിയിച്ചു.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 9,600 കിലോയിലധികം മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഓപ്പറേഷ്യൻ മത്സ്യയുടെ ഭാഗമായി അയ്യായിരത്തിലധികം പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതുവരെ നടത്തി. പരിശോധന കർശനമാക്കിയപ്പോൾ ചെക്‌പോസ്റ്റ് കടന്നുവരുന്ന മത്സ്യത്തിന്റെ വരവ് ഗണ്യമായി കുറഞ്ഞതായും ആരോഗ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം അഞ്ചുതെങ്ങിൽ ഇന്നലെയാണ് 9,600 കിലോയോളം പഴകിയ മത്സ്യം പിടികൂടിയത്. ലോറി ഉടമകൾ ചേർന്ന് നടത്തുന്ന എംജെ ലാൻഡ് മാർക്കറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സൂക്ഷിച്ച് വെച്ചിരുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിച്ചതാണിത്. തുടർന്ന് പിടിച്ചെടുത്ത മത്സ്യം പ്രദേശത്ത് ജെസിബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് അതിനകത്ത് മൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ വലിയ രീതിയിൽ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
















Comments