ന്യൂഡൽഹി: റിപ്പോ നിരക്ക് ഉയർത്തി റിസർവ്വ് ബാങ്ക്. 0.50 ശതമാനമാണ് വർദ്ധിപ്പിച്ചത്. വർദ്ധനയോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല. നിലവിൽ 3.35 ശതമാനമാണ് ഈ നിരക്ക്. 2020 മെയ് മുതൽ ഈ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
നിലവിൽ 4.90 ശതമാനമാണ് റിപ്പോ നിരക്ക്. എന്നാൽ കരുതൽ ധനാനുപാതം 4.5 ശതമാനമായി നിലനിർത്തി. പണപ്പെരുപ്പം പിടിച്ചുനിർത്താനായി തുടർച്ചയായ രണ്ടാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തുന്നത്. കഴിഞ്ഞ മാസം അസാധാരണ യോഗത്തിൽ 0.40 ശതമാനം വർദ്ധന വരുത്തിയിരുന്നു.
ബാങ്കിംഗ് മേഖല മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ആർബിഐ ഗവർണർ ശക്തി കാന്ത് ദാസ് പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ബാങ്കിംഗ് മേഖലയിൽ ഉണർവ്വുണ്ട്. റിപ്പോ നിരക്ക് വർദ്ധിപ്പിച്ചാലും നിരക്ക് വർദ്ധിപ്പിച്ചാലും കൊറോണയ്ക്ക് മുൻപുള്ള നിരക്കു തന്നെയാണ് ഇപ്പോഴുമുള്ളത്. മെയ് 31 ലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനം കൊറോണക്കാലത്തെക്കാൾ വർദ്ധിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.5 ശതമാനമാണ് പണപ്പെരുപ്പം. ഇത് രണ്ടാം പാദത്തിൽ 7.4 ശതമാനമായി കുറയും എന്നാണ് കണക്കാക്കുന്നത്. മൂന്നാം പാദത്തിൽ 6.2 ശതമാനമായും, നാലാം പാദത്തിൽ 5.8 ശതമാനവുമായും കുറയുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments