ന്യൂഡൽഹി: സിഗരറ്റ് വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് 17 കാരനെ യുവാക്കൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ബൽജീത് നഗർ സ്വദേശി വിജയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
17 കാരന്റെ അയൽവാസികളായ പർവീൺ, അജയ്, സോനു കുമാർ, ജതിൻ എന്നിവരാണ് അറസ്റ്റിലായത്. സിഗരറ്റ് വാങ്ങാൻ 10 രൂപ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ഇവർ വിജയിയെ മർദ്ദിച്ചത്. ഇതിന് ശേഷം നാൽവർ സംഘം വിജയെ രാംജാസ് സ്‌കൂളിന് സമീപത്തെ എച്ച് ആർ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. അത് വഴി പോയവരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി വിജയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. പ്രതികളും വിജയും ഒരേ അപ്പാർട്ട്‌മെന്റിലാണ് താമസം. അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റിൽ ഇരിക്കുകയായിരുന്ന വിജയിയോട് പ്രതികൾ 10 രൂപ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്തിനെന്ന് ചോദിച്ചപ്പോൾ സിഗരറ്റ് വാങ്ങാൻ എന്നായിരുന്നു മറുപടി. പണം തരില്ലെന്ന് വിജയ് തറപ്പിച്ചു പറഞ്ഞു. ഇതോടെ ഇവർ വിജയിയെ മർദ്ദിക്കുകയായിരുന്നു. അവശനായതോടെ വിജയെ റോഡിൽ ഉപേക്ഷിച്ചു. സംഭവത്തിന് ശേഷം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
Comments