നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹം ഇന്ന്. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ഇന്ന് മഹാബലിപുരത്താണ് ഇരുവരുടെയും വിവാഹം നടക്കുക. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാകും ചടങ്ങുകൾ. സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം വിരുന്നിൽ പങ്കെടുക്കും.
രജനീകാന്ത്, കമൽഹാസൻ, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങൾ ചടങ്ങിനെത്തുമെന്നാണ് അഭ്യൂഹങ്ങൾ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ആറ് വർഷത്തെ പ്രണയബന്ധത്തിനൊടുവിലാണ് നയൻസ്-വിക്കി വിവാഹം നടക്കുന്നത്. നേരത്തെ തിരുപ്പതിയിൽ വെച്ച് വിവാഹം നടക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
സിനിമയിൽ സജീവമായിരിക്കെ വ്യക്തിപരമായ കാരണങ്ങളാൽ ചെറിയ ഇടവേളയെടുത്ത നയൻതാര പിന്നീട് തിരിച്ചുവന്നത് വിഘ്‌നേഷിന്റെ ചിത്രമായ നാനും റൗഡി താനിലൂടെയായിരുന്നു. 2015-ലായിരുന്നു ചിത്രം പുറത്തുവന്നത്. ഇതിന് പിന്നാലെ രണ്ട് പേരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ചർച്ചയായി. ഒടുവിൽ 2017ലാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.
തെന്നിന്ത്യൻ സൂപ്പർതാരമായ നയൻതാരയുടെ വിവാഹവും പ്രണയബന്ധങ്ങളും എന്നും ചർച്ചയായിരുന്നു. ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹദിനമാണ് ഇന്നെത്തി നിൽക്കുന്നത്. സ്വകാര്യ ഒടിടി കമ്പനിക്കാണ് വിവാഹ ചടങ്ങുകൾ ചിത്രീകരിക്കാനുള്ള അനുമതി. വിവാഹശേഷം ജൂൺ 11-ന് നയൻസും വിക്കിയും ചേർന്ന് മാദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
Comments