ശ്രീനഗർ: ജമ്മുകശ്മീരിലെ ബദേർവയിലും കിഷ്ത്വാറിലും മൊബൈൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. ബദേർവയിൽ നേരത്തെ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പ്രവാചക നിന്ദയുടെ പേരിൽ ജമ്മുകശ്മീരിൽ കലാപത്തിന് സാധ്യതയുള്ളതിനാലാണ് ജാഗ്രത ശക്തമാക്കിയത്. രംബാനിൽ മൂന്നിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്.
പ്രവാചകനെതിരെ പരാമർശം നടത്തിയെന്ന് ആരോപിച്ച് നൂപുർ ശർമ്മയുടെ തലയറുക്കാനുള്ള ആഹ്വാനവുമായി കശ്മീരിലെ മുസ്ലീം പുരോഹിതൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ പ്രചരിക്കാനും ആരംഭിച്ചു. ഇതോടെയാണ് മേഖലയിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയത്.
ഇന്റർനെറ്റ് സേവനം വിച്ഛേദിക്കപ്പെട്ടതിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ കൂടുതൽ കലാപാഹ്വാനം സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ബന്ദേർവ കൂടാതെ കിഷ്വാറിലും ഇന്റർനെറ്റ് വിച്ഛേദിച്ചതെന്നും ജില്ലാ കമ്മീഷണർ എകെ ശർമ അറിയിച്ചു. ഇതുവരെ മറ്റ് പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വെള്ളിയാഴ്ച പ്രാർത്ഥനയുള്ള ദിവസമായതിനാൽ കർഫ്യൂ നിയന്ത്രണങ്ങൾ കർശനമായി നിലനിർത്തുകയാണ് പോലീസ്.
Comments