തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഷാജ് കിരണിന്റെ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനൊരുങ്ങി ഇ ഡി യും. ബിലീവേഴ്സ് ചർച്ച് വഴിയാണ് പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് പോകുന്നതെന്ന ഷാജിന്റെ വെളിപ്പെടുത്തലാണ് ഇ ഡി അന്വേഷിക്കാൻ ഒരുങ്ങുന്നത്. കേരളത്തിൽ ചില രാഷ്‌ട്രീയ നേതാക്കളുമായി ബിലീവേഴ്സ് ചർച്ചിനുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.
സ്വപ്ന സുരേഷ് പുറത്തുവിട്ട ഷാജ് കിരണിന്റെ ഫോൺ സംഭാഷണങ്ങളിൽ പറയുന്ന അനധികൃത സാമ്പത്തിക വിവരങ്ങളിലാണ് ഇഡി അന്വേഷണത്തിനൊരുങ്ങുന്നത്.ബിലീവേഴ്സ് ചർച്ച് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ യുഎസിലേക്ക് പോകുന്നതെന്നായിരുന്നു ഷാജ് കിരൺ സ്വപ്ന സുരേഷിനോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദൂതനായി എത്തി രഹസ്യമൊഴി മാറ്റാൻ കടുത്ത സമ്മർദ്ദം ചെലുത്തിയതായി സ്വപ്ന പരാതിപ്പെട്ട മുൻ മാദ്ധ്യമപ്രവർത്തകൻ ഷാജ് കിരൺ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിലാണ് ഇ ഡി സംഘം വീക്ഷിക്കുന്നത്. ബിലീവേഴ്സ് ചർച്ച് വഴിയാണ് ഇരു നേതാക്കളുടെ പണം വിദേശത്തേക്ക് പോയതെന്നും, ഇതുകൊണ്ടാണ് ബിലീവേഴ്സ് ചർച്ചിന്റെ എഫ് സി ആർ എ റദ്ദാക്കിയതെന്നുമാണ് ഷാജ് കിരൺ പറയുന്നത്.
സംഭാഷണം വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഷാജ് കിരണിന്റെ മൊഴിയും ഇ ഡി രേഖപ്പെടുത്തിയേക്കും. കേരളത്തിലെ പല നേതാക്കളുടെയും കള്ളപ്പണം വിദേശത്തേക്ക് വൻതോതിൽ ഒഴുകുന്നതായി പരാതികൾ നേരത്തെ തന്നെ ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ബിനാമിയായാണ് ഷാജ് കിരൺ സ്വയം സ്വപ്നയ്‌ക്ക് മുന്നിൽ അവതരിച്ചത്.
ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിലും, ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലുമായി ആദായ നികുതി വകുപ്പ് രണ്ട് വർഷം മുമ്പ് റെയ്ഡുകൾ നടത്തിയിരുന്നു. കണക്കിൽ പെടാത്ത അഞ്ചു കോടി രൂപയും പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിലും, രഹസ്യമൊഴിപകർപ്പ് ലഭിച്ച ശേഷം ഇ ഡി വിശദമായ അന്വേഷണത്തിലേക്ക് കടക്കും.
















Comments