കോഴിക്കോട് : നാദാപുരത്ത് കോളേജ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുകയും സംസാരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണ് പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചതെന്ന് യുവാവ് മൊഴി നൽകി. പെൺകുട്ടിയെ കൊന്നശേഷം മരിക്കാൻ തയ്യാറായാണ് വന്നതെന്നും പ്രതി വെളിപ്പെടുത്തി. മൊകേരി മുറവശ്ശേരി എച്ചിത്തറേമ്മൽ റഫ്‌നാസ് (22) കഴിഞ്ഞ ദിവസമാണ് പോലീസിന്റെ പിടിയിലായത്. വെട്ടേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
കല്ലാച്ചി ഹൈടെക് ആർട്‌സ് ആൻഡ് സയൻസ് കോളേജ് ബി.കോം. വിദ്യാർത്ഥിനി പേരോട് തട്ടിൽ നഈമയെ (21) ആണ് ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ റഫ്‌നാസ് സ്വന്തം കൈ ഞരമ്പ് മുറിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ രാത്രി ഡിസ്ചാർജ് ചെയ്തു. തുടർന്ന് പോലീസ് ഇയാലെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കല്ലാച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ റഫ്‌നാസും നഈമയും ഒരുക്ലാസിലാണ് പ്ലസ് ടു പഠിച്ചത്. പ്രണയാഭ്യർഥനയുമായി ഇയാൾ നിരന്തരം പെൺകുട്ടിയെ ശല്യംചെയ്തിരുന്നു. ഇത് രൂക്ഷമായതോടെ നഈമ യുവാവിന്റെ നമ്പർ ബ്ലോക്ക് ചെയ്തു. ഇയാൾ വേറെ നമ്പറിൽ നിന്നും വിളിച്ചെങ്കിലും പെൺകുട്ടി സംസാരിക്കാൻ തയ്യാറായില്ല. തുടർന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്.
കക്കട്ടിലെ ഒരുകടയിൽ നിന്നാണ് ബുധനാഴ്ച രാത്രി കൊടുവാൾ വാങ്ങിയത്. വട്ടോളി, കല്ലാച്ചി എന്നിവിടങ്ങളിൽനിന്ന് പെട്രോളും വാങ്ങി. വ്യാഴാഴ്ച രാവിലെ തന്നെ ആക്രമണം നടത്താനായി പെൺകുട്ടിയുടെ വീടിനടുത്ത് എത്തിയിരുന്നു. എന്നാൽ പെൺകുട്ടിയെ പിതാവ് ബൈക്കിൽ പേരോട് ടൗണിൽ എത്തിച്ചതോടെ പദ്ധതി പൊളിഞ്ഞു. തുടർന്ന് കോളേജ് വിട്ടയുടനെ പെട്രോളുമായി ബൈക്കിൽ എത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാൽ പ്രതി ഒരു കൂസലുമില്ലാതെയാണ് പെരുമാറിയത്.
















Comments