കോഴിക്കോട്: യുവപ്രസാധകയുടെ പരാതിയിൽ എഴുത്തുകാരൻ വിആർ സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്‌ക്ക് പോലീസ് സുധീഷിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.
ഇന്നലെ വൈകീട്ടോടെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ,ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
വിആർ സുധീഷ് നിരന്തരം ലൈംഗിക ചുവയോടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വീട്ടിലേയ്‌ക്ക് ഒറ്റയ്‌ക്ക് വരാൻ നിർബന്ധിക്കുകയും ചെയ്തു എന്നാണ് യുവപ്രസാധകയുടെ പരാതി. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതായും പരാതിയിൽ ആരോപിക്കുന്നു.അതേസമയം സുധീഷിന്റെ വീട് കാണിച്ച് തരാൻ പോലീസുകാർ തന്നെ വിളിച്ചുവരുത്തിയെന്ന് പരാതിക്കാരി ആരോപിച്ചു.
ഒലിവ് പബ്ലിക്കേഷനിൽ ജോലി ചെയ്യവെ ഒരു അഭിമുഖത്തിനായി വി ആർ സുധീഷിനെ കണ്ടിരുന്നു.അന്ന് തങ്ങൾ എടുത്ത ഫോട്ടോ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
തന്നെ ഭീഷണിപ്പെടുത്തുകയും ഉണ്ടായി. തുടർന്നാണ് ഡിസിപി ഓഫീസിലെത്തി പരാതി നൽകിയതെന്ന് ഇവർ വ്യക്തമാക്കുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
















Comments