തിയറ്ററുകളിൽ ആർത്തിരമ്പി വിജയകീരീടം ചൂടിയ ചിത്രമാണ് രാജമൗലിയുടെ ആർ.ആർ.ആർ. വലിയ പ്രതീക്ഷകൾ സമ്മാനിച്ച് തന്നെയാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ തിയറ്ററുകളിൽ ആവേശക്കടൽ തീർക്കാൻ സിനിമയ്‌ക്ക് സാധിച്ചിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തും ഒരേ ദിവസം റിലീസയായ ചിത്രം ആയിരം കോടിയിലേറെയാണ് വാരിക്കൂട്ടിയത്. തിയറ്ററുകൾക്ക് പുറമെ വൻ തുകയ്‌ക്കാണ് ഒടിടിയിലും സിനിമ പ്രദർശനത്തിനെത്തിയത്. കടൽ കടന്നും ചിത്രത്തിനെ തേടി അഭിനന്ദന പ്രവാഹങ്ങൾ വന്നിരുന്നു.
ഇപ്പോൾ ഹോളിവുഡിൽ നിന്നും വന്ന ഒരു അഭിനന്ദനമാണ് ഏറെ ചർച്ചയാകുന്നത്. ക്യാപ്റ്റൻ അമേരിക്ക, ബാറ്റ്മാൻ ബിയോണ്ട് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ ജാക്സൺ ലാൻസിങാണ് രാജമൗലിയുടെ ആർ.ആർ.ആറിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്. തന്റെ ട്വിറ്ററിലൂടെയാണ് ജാക്സൺ ലാൻസിങ് സിനിമയെ പുകഴ്‌ത്തിയിരിയിക്കുന്നത്. രാംചരണിന്റെ ജിഫ് ചിത്രവും ഇദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്. ഇതിന് മുമ്പ് അമേരിക്കൻ ക്രൈംസ്റ്റോറി പോലുള്ള അമേരിക്കൻ ടിവി ഷോകളുടെ തിരക്കഥകൃത്തും നിർമ്മാതാവുമായ ലാറി കരസ്വവ്സ്കി, അമേരിക്കൻ കോമിക് ബുക്ക് എഴുത്തുകാരനായ ബ്രയാൻ ലിങ്ക് തുടങ്ങിയവരും സിനിമയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.
ബാഹുബലി-ദി കൺക്ലൂഷന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ രാം ചരൺ തേജ, ജൂനിയർ എൻ.ടി.ആർ എന്നിവരായിരുന്നു നായകന്മാർ. ബ്രി അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നീ കഥാപാത്രങ്ങളെയാണ് അവർ യഥാക്രമം അവതരിപ്പിച്ചത്. രണ്ട് ഇന്ത്യൻ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരെ മുൻനിർത്തി ബ്രിട്ടീഷ് രാജിനെതിരായ അവരുടെ പോരാട്ടത്തെ സാങ്കൽപികമായി അവതരിപ്പിക്കുകയാണ് ചിത്രം ചെയ്തത്. രാം ചരൺ തേജ, ജൂനിയർ എൻ.ടി.ആർ എന്നിവർക്ക് പുറമെ ആലിയാ ഭട്ട്, അജയ് ദേവ്ഗൺ, രാഹുൽ രാമകൃഷ്ണ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിൽ മികച്ച വേഷങ്ങൾ ചെയ്തിരുന്നു.
Comments