ഇന്ത്യൻ നിരത്തുകളിൽ ഇടിമുഴക്കമാകാൻ ഹ്യൂണ്ടായി വെന്യു ഫെയ്‌സ് ലിഫ്റ്റ് എസ്‌യുവി. ഉടൻതന്നെ ഇന്ത്യൻ നിരത്തുകളിൽ താരമാകാൻ ഒരുങ്ങുകയാണ് പുതിയ എസ്‌യുവി. ഇതിനോടകം തന്നെ 2022 ഹ്യൂണ്ടായി വെന്യു എസ്‌യുവിയെ കമ്പനി ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണികളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് വെന്യു. വാഹന പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട മോഡൽ പുതിയ രൂപത്തിൽ നിരത്തുകളിൽ ഇറങ്ങുമ്പോൾ ഇരുകൈയും നീട്ടിയും സ്വീകരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
വെന്യു എസ്‌യുവി നിരത്തിലിറങ്ങുക പുത്തൻ ഡിസൈനിലും പുനർനിർമ്മിച്ച ഇന്റീരിയറുകളുടെയും ഒപ്പം നിരവധി മാറ്റങ്ങളോട് കൂടിയാണ്. പുതിയ മോഡൽ പുറത്ത് ഇറക്കുന്നതോടെ മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസയുമായി മത്സരം നടത്തുകയാണ് ഹ്യൂഡായി ലക്ഷ്യമിടുന്നത്. തങ്ങളുടെ പുതിയ മോഡലിന്റെ ലോഞ്ചിന് മുന്നോടിയായി വെന്യു എസ്‌യുവിയുടെ പ്രത്യേകതകൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പാരമെട്രിക് പാറ്റേണുകളുള്ള ഗ്രില്ലുകളോടെയാണ് പുതിയ വാഹനം പ്രത്യക്ഷപ്പെടുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകളും ഡീആർഎൽ കളും ഡിസൈൻ സംയോജിപ്പിച്ചിട്ടുണ്ട്. പഴയ മോഡലിൽ നിന്നും മുൻവശത്തെ ബംബറുകൾ കുറച്ചു കൂടി മിനുക്കിയാണ് പുറത്തിറക്കിയിരിക്കുന്നത്. പിൻ ബംബറുകൾക്കും രൂപവ്യത്യാസം സംഭവിച്ചിട്ടുണ്ട്. അലോയ് വീലുകളിലാണ് എടുത്തുപറയാൻ സാധിക്കുന്ന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ബൂട്ടിന് കറുകെ പ്രവർത്തിക്കുന്ന എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന രണ്ട് അറ്റങ്ങളിലുമുള്ള എൽഇഡി ടെയ്ൽ ലൈറ്റുകളിലാണ് വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
അതേസമയം, പുതിയ വെന്യൂ എസ്‌യുവിയുടെ ഇന്റീരിയർ രൂപകല്പന കമ്പനി പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഏഴ് എക്സ്റ്റീരിയർ നിറങ്ങളിലാണ് വാഹനം പുറത്തിറക്കുന്നതെന്ന കമ്പനി പറയുന്നു. പോളാർ വൈറ്റ്, ഫാന്‍റം ബ്ലാക്ക്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഡെനിം ബ്ലൂ, ഫിയറി റെഡ് എന്നി നിറങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്റീരിയർ രൂപകല്പന പുറത്ത് വിട്ടിട്ടില്ലെങ്കിലും പല മാറ്റങ്ങളും വരുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ് സൗകര്യം, സൺറൂഫ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവ ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു.
1.5 ലിറ്റർ ഡീസലിൽ 99 ബിഎച്ച്പിയും 240 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ് വെന്യു ഫെയ്‌സ് ലിഫ്റ്റ് എസ്‌യുവിയുടേത്. പെട്രോളിൽ പ്രവർത്തിക്കുന്ന വെന്യുവിന് 1.0 ലിറ്ററിൽ ടർബോ GDi 118 bhp കരുത്തും 172 Nm പീക്ക് ടോർക്കും ലഭിക്കും.
ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ആവും പുതിയ മോഡലിന് ഉണ്ടാവുക. മുൻ മോഡലുകളുടെത് പോലെയുള്ള iMT ഗിയർബോക്സും ഹ്യുണ്ടായ് വാഗ്ദാനം ചെയ്തേക്കും. 7 മുതൽ 12 ലക്ഷം രൂപ വരെ വിലയിലാവും പുതിയ ഹ്യൂണ്ടായി വെന്യു ഫെയ്‌സ് ലിഫ്റ്റ് എസ്‌യുവി വിപണിയിലെത്തുക.
















Comments