പ്രതിഷേധം ഭയന്ന് പിണറായി; ഡൽഹി യാത്ര റദ്ദാക്കി

Published by
Janam Web Desk

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ അടിപതറി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആഴ്ച നടത്താനിരുന്ന ഡൽഹി യാത്ര മുഖ്യമന്ത്രി റദ്ദാക്കി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് പിണറായി ഡൽഹിക്ക് പോകാൻ ഇരുന്നത്.

ഡൽഹി യാത്ര റദ്ദാക്കിയ പിണറായി, ജൂൺ 18 19 തിയതികളിൽ നടക്കുന്ന കേന്ദ്ര കമ്മറ്റിയിൽ ഓൺലൈനായി ആയിരിക്കും പങ്കെടുക്കുക. പ്രതിഷേധങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി ഡൽഹി യാത്ര റദ്ദാക്കിയത് എന്നാണ് സൂചന.

അതേസമയം, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ് രംഗത്ത് വന്നു. മകൾ വീണയുടെ ബിസിനസ് ആവശ്യത്തിനായി ഷാർജ ഭരണാധികാരിയുടെ സഹായം പിണറായി വിജയൻ തേടിയെന്ന് സ്വപ്‌ന വെളിപ്പെടുത്തി. ഷാർജയിൽ ഐടി കമ്പനി തുടങ്ങാൻ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചുവെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുബത്തിനുമൊപ്പം ഈ ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തുവെന്നും സ്വപ്‌ന വ്യക്തമാക്കി. ഷാർജയിലെ ഐടി മന്ത്രിയുമായി മുഖ്യമന്ത്രി സംസാരിച്ചു. എന്നാൽ രാജകുടുംബാംഗത്തിന്റെ എതിർപ്പ് മൂലം ബിസിനസ് സംരംഭം നടന്നില്ലെന്നും സ്വപ്‌ന വെളിപ്പെടുത്തി.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിരോധം യുവമോർച്ച ഇന്നും തുടർന്നു. രാവിലെ വനിതാ പ്രവർത്തകരടക്കം അണിനിരന്ന പ്രതിഷേധത്തിന് നേരെ പോലീസ് ടിയർഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു.

Share
Leave a Comment