ലക്‌നൗ :യുവാക്കളെ ലക്ഷ്യമിട്ടുളള കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് ഏറ്റെടുത്ത് യുപി സർക്കാർ. പദ്ധതിക്ക് കീഴിൽ നാല് വർഷം ജോലി പൂർത്തിയാക്കുന്ന അഗ്‌നിവീരൻമാർക്ക് സംസ്ഥാന സേനകളിലേക്കുളള റിക്രൂട്ട്മെന്റിൽ മുൻഗണന നൽകാനാണ് തീരുമാനം. സംസ്ഥാന പോലീസിലെയും അനുബന്ധ സേനകളിലെയും ജോലികൾക്കാണ് ഇവരെ പരിഗണിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുവാക്കൾക്ക് അഭിമാനകരമായ ഭാവിക്കുളള അവസരമാണ് അഗ്‌നിപഥിലൂടെ പ്രധാനമന്ത്രി ഒരുക്കിയിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. അതേസമയം സമാനമായ പ്രഖ്യാപനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയിരുന്നു.അർദ്ധസൈനിക സേനയിലും അസം റൈഫിൾസിലും പദ്ധതിയിൽ ഉൾപ്പെട്ട യുവാക്കൾക്ക് മുൻഗണന നൽകുമെന്നായിരുന്നു പ്രഖ്യാപനം .യുവാക്കളുടെ ശോഭനമായ ഭാവിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമാണ് പദ്ധതിയെന്നും,യുവാക്കൾക്ക് മുൻഗണന നൽകുന്ന തീരുമാനത്തെക്കുറിച്ചുള്ള വിശദമായ ആസൂത്രണം ആരംഭിച്ചു എന്നും അമിത് ഷാ പറഞ്ഞിരുന്നു.
‘അഗ്‌നിപഥ്’ പദ്ധതി പ്രകാരം 4 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകുമെന്ന് നേരത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വ്യക്തമാക്കിയിരുന്നു. സർക്കാർ ഇതര ജോലികളിൽ താത്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവശക്തിയെ സൈനിക സേവനത്തിലേയ്‌ക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ സമഗ്ര പദ്ധതിയാണ് ‘അഗ്‌നിപഥ് ‘.നാലു വർഷത്തെ സേവനത്തിൽ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം മുപ്പതിനായിരം രൂപ പ്രതിമാസ ശമ്പളമായി നൽകും.അതേസമയം
കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘അഗ്‌നിപഥ്’ പ്രകാരം സൈനിക സേവനം അനുഷ്ഠിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നതിനായി മൂന്നു വർഷത്തെ ബിരുദ പദ്ധതി ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുകയാണ്. യുവാക്കൾക്ക് സായുധ സേനയിൽ അവസരമൊരുക്കുന്ന അഗ്‌നിപഥ് പദ്ധതിയിൽ പങ്കാളികളാകുന്ന കുട്ടികൾക്ക് അവരുടെ തൊഴിൽപരമായ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും സൈനിക മേഖലയിൽ അവരെ പൂർണ്ണ സജ്ജരാക്കുന്നതിനുമായാണ് നൈപുണ്യം അടിസ്ഥാനമാക്കിയുള്ള മൂന്ന് വർഷത്തെ പ്രത്യേക ബിരുദം പദ്ധതി വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്നത്.
സേനകളിൽ നാല് വർഷത്തെ സേവനത്തിനായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് കേരളത്തിലും മൂന്ന് മാസത്തിനുള്ളിൽ നടക്കും.ഒരു ലക്ഷത്തോളം യുവാക്കൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 40,000ത്തിൽ ഏറെപ്പേരെ കരസേനയിലേക്കും, 3500 പേരെ വ്യോമസേനയിലേക്കും, 3000 കേഡറ്റുകളെ നാവികസേനയിലേക്കും ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കും.
Comments