മൂന്ന് കാലുകൾ, പതിനാറ് വിരലുകൾ, രണ്ട് ലൈംഗികാവയവങ്ങൾ; പരിമിതികളെ ചവിട്ടുപടികളാക്കി മുന്നേറിയ ദ ഗ്രേറ്റ് ലെന്റിനി

Published by
Janam Web Desk

മൂന്ന് കാലുകൾ, പതിനാറ് വിരലുകൾ, രണ്ട് ലൈംഗികാവയവങ്ങൾ… പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജനങ്ങളെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഇറ്റലിയിലെ സിസിലിയിൽ ഒരു കുഞ്ഞ് ജനിച്ചു. വലത്തേ ഇടുപ്പിന്റെ ഒരു വശത്ത് നിന്നും മുളക്കുന്ന നിലയിൽ അവന് മൂന്നാമതൊരു കാൽ ഉണ്ടായിരുന്നു, അതിൽ വിരലുകളും, കൂടാതെ രണ്ട് ലിംഗങ്ങളും. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു കുഞ്ഞ് ജനിക്കുന്നത് എന്ന് അവന്റെ മാതാപിതാക്കൾ വിശ്വസിച്ചു. നാലാം വയസ്സിൽ അധികമുള്ള ഒരു കാല് മുറിച്ച് മാറ്റാൻ അവർ ശ്രമം നടത്തി. എന്നാൽ ഇത് മുറിച്ച് മാറ്റാനാകില്ലെന്നും കുഞ്ഞിന്റെ ജീവന് തന്നെ ആപത്താണെന്നും ഡോക്ടർമാർ പറഞ്ഞതോടെ അവർ നിരാശയിലായി.

കുട്ടിയുടെ വികൃതമായ രൂപം കണ്ട് അവനെ എല്ലാവരും അകറ്റി നിർത്തി, ‘ കുട്ടി രാക്ഷസൻ’ എന്ന് വിളിച്ച് എല്ലാവരും അവനെ കളിയാക്കി. എന്നാൽ അവൻ തളർന്നില്ല, അച്ഛന്റെ സുഹൃത്തിന്റെ സർക്കസ് റിംഗിൽ ചേർന്ന ആ ഒൻപതുകാരൻ ഒരു വർഷം കൊണ്ട് തന്റെ കഴിവ് ലോകത്തിന് മുന്നിൽ തെളിയിച്ചു.

മൂന്ന് കാലുളള ലോകത്തെ ഏക ഫുട്ബോൾ കളിക്കാരൻ, ദ കിംഗ് എന്ന പേരിൽ പിന്നീടവൻ പ്രശസ്തനായി. ഫ്രാൻസെസ്‌കോ ലെന്റിനി എന്ന ഫ്രാങ്ക് ലെന്റിനിയെ ദ ഗ്രേറ്റ് ലെന്റിനി എന്ന് പിന്നീട് ലോകത്തിന് വിളിക്കേണ്ടി വന്നു.

തന്റെ മൂന്നാമത്തെ കാൽ ഉപയോഗിച്ച് ഫുട്ബോൾ കളിച്ചിരുന്ന ലെന്റിനി സ്‌കേറ്റിംഗിലും, സൈക്കിളിംഗിലും, അത്ലറ്റിക്സിലും മികവ് തെളിയിച്ചു. തന്റെ ശരീരത്തിന്റെ പരിമിതികളെ കുറിച്ചോർത്ത് അയാൾ ഒരിക്കലും വേദനിച്ചിരുന്നില്ല, പകരം അത് കൂടുതൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുകയാണ് ചെയ്തത്. ലെന്റിനിക്ക് ഇരിക്കാൻ ചെയറിന്റെ ആവശ്യമുണ്ടായില്ല. മൂന്നാമത്തെ കാൽ സ്റ്റൂളാക്കി ഇരിക്കാൻ അയാൾ ഉപയോഗിച്ചു. ബുദ്ധിയും കഴിവും ഒരുപോലെ പ്രവർത്തിപ്പിച്ച ലെന്റിനി ഏറെ വേഗത്തിൽ തന്നെ ലോക പ്രശസ്തനായി. അന്നത്തെ പ്രശസ്ത സിനിമാ താരത്തെ വിവാഹം കഴിച്ച ലെന്റിനിക്ക് നാല് കുട്ടികളുണ്ടായിരുന്നു. റിംഗ്ലിംഗ് ബ്രദേഴ്‌സ് സർക്കസിനൊപ്പവും ബഫല്ലോ ബില്ലിന്റെ വൈൽഡ് വെസ്റ്റ് ഷോകളിലും ലെന്റിനി പ്രകടനം നടത്തി.

1966-ൽ 77-ആം വയസ്സിൽ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചാണ് അദ്ദേഹം മരിച്ചത്. എന്നാൽ അവസാന നിമിഷം വരെ തന്റെ വൈകല്യം ഒരു കുറവായി കാണാൻ ആ വ്യക്തി തയ്യാറായിരുന്നില്ല.

ഒരു സമൂഹം മുഴുവൻ തന്നെ മാറ്റി നിർത്തിയപ്പോഴും ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രം ജീവിതം മുന്നോട്ട് നയിച്ച ലെന്റിനിയെ ഇന്നും സിസിലിയിലെ ജനങ്ങൾ ഓർക്കുന്നു. 2016 ൽ ലെന്റിനിയുടെ ഓർമ്മയ്‌ക്കായി നഗരവാസികൾ രണ്ട് ദിവസത്തെ ആഘോഷപരിപാടികളും നടത്തി.

Share
Leave a Comment