ന്യൂഡൽഹി : അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ കുപ്രചാരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ്. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന പദ്ധതിയാണ് അഗ്നിപഥ് എന്ന് ആർഎസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ പറഞ്ഞു. കേന്ദ്ര സർക്കാരിനെ അപമാനിക്കാൻ വേണ്ടിയാണ് ഈ പദ്ധതിക്കെതിരെ പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രശംസനീയമാണ് പദ്ധതിയാണ് അഗ്‌നിപഥ്. ഇത് യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം നൽകുകയും ഇന്ത്യയിലെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. രാജ്യത്തെ പ്രതിരോധിക്കാൻ വേണ്ടി എന്തും ചെയ്യുന്ന ദേശസ്‌നേഹികളായ യുവാക്കളെയാണ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യുക. എന്നാൽ നിർഭാഗ്യവശാൽ, പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തുകയാണ്. യുവാക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കലാപാഹ്വാനം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾ, ഇത്തരം ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
17.5 വയസ് മുതൽ 23 വയസ് വരെയുളള യുവാക്കൾക്ക് നാല് വർഷത്തേക്ക് സൈനിക സേവനം ചെയ്യുന്നതിനുളള അവസരം ഒരുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. എന്നാൽ നാല് വർഷം കഴിഞ്ഞാൽ ഭാവി ഇരുട്ടിലാകുമെന്നും പഴയ രീതിയിലുളള റിക്രൂട്ട്‌മെന്റാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് അക്രമികൾ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. റെയിൽവേ സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി ട്രെയിൻ കത്തിച്ചും വാഹനങ്ങൾ തല്ലിത്തകർക്കും പൊതുഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയും നടത്തുന്ന പ്രതിഷേധം അക്രമത്തിലാണ് കലാശിക്കുന്നത്. ബീഹാറിൽ ആരംഭിച്ച പ്രതിഷേധം, യുപി, ബംഗാൾ തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
Comments