തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് കലാശിച്ചത് വൻ സംഘർഷത്തിൽ. സമരക്കാരെ പിരിച്ചു വിടാൻ പോലീസ് നടത്തിയ ലാത്തി ചാർജിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ജല പീരങ്കിയും ഗ്രനേഡും പ്രയോഗിച്ച് സമരക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പോലീസ്.
മാർച്ച് തടയാൻ എത്തിയ പോലീസുകാർക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലും കുപ്പിയും എറിഞ്ഞു. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തള്ളിമാറ്റാനും ശ്രമിച്ചു. ഇതോടെയാണ് സമരം സംഘർഷത്തിലേക്ക് വഴിമാറിയത്. തുടർന്ന് പോലീസ് ഗ്രനേഡ് എറിഞ്ഞു. സമരക്കാർ പിരിഞ്ഞുപോകാതിരുന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
ലാത്തിചാർജ്ജിൽ വനിതാ പ്രവർത്തകയുൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. പോലീസ് മനപ്പൂർവ്വം സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തർ ആരോപിച്ചു. പോലീസ് ആണ് പ്രകോപനം ഉണ്ടാക്കിയതെന്നും പിണറായി സർക്കാരിന്റെ ഹുങ്കിന് മുൻപിൽ കീഴടങ്ങില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു.
Comments