ചെന്നൈ: കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും ആവശ്യമായ വെള്ളം ഉറപ്പാക്കുന്നതിനായി ശിരുവാണി അണക്കെട്ടിൽ, സംഭരണശേഷിയുടെ പൂർണമായ അളവിൽ വെള്ളം നിലനിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ശിരുവാണി ഡാമിലെ പരമാവധി സംഭരണശേഷി 877 മീറ്ററാണ്. എന്നാൽ ഇതിന് പകരം അണക്കെട്ടിന്റെ പൂർണശേഷിയായ 878.50 മീറ്ററാക്കി ഉയർത്തണമെന്ന് അന്തർ സംസ്ഥാന കരാറിൽ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ എം.കെ.സ്റ്റാലിൻ പറയുന്നു.
ജലനിരപ്പ് 1.5 അടി താഴ്‌ത്തിയാൽ 122.05 ദശലക്ഷം ഘനയടി (എംസിഎഫ്ടി) വെള്ളത്തിന്റെ കുറവുണ്ടാകും. ആകെ സംഭരിക്കുന്ന വെള്ളത്തിന്റെ 19 ശതമാനം വരുമിത്. വേനൽക്കാലത്ത് കോയമ്പത്തൂർ മേഖലയിലെല്ലാം കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ അണക്കെട്ടിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് ഉയർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സ്റ്റാലിൻ പറയുന്നു. കരാറിൽ പറഞ്ഞിരുന്ന 1.30 ടിഎംസി അളവിൽ നിന്നും 0.484 മുതൽ 1.128 ടിഎംസി വരെ മാത്രമാണ് തമിഴ്‌നാടിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.
നേരത്തേയും ഇതേ ആവശ്യം ചൂണ്ടിക്കാട്ടി പിണറായി വിജയന് കത്തയച്ചിട്ടുണ്ടെങ്കിലും സംഭരണശേഷി ഉയർത്തുന്നതിനാവശ്യമായ നടപടികൾ ഒന്നും കേരളം സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ ഒരിക്കൽ കൂടി പിണറായി വിജയന്റെ ഇടപെടൽ ആവശ്യപ്പെടുകയാണെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു. ഭവാനി പുഴയുടെ കൈവഴിയായ ശിരുവാണി നദിയിൽ പാലക്കാട് ജില്ലയിലാണ് ശിരുവാണി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
Comments