റാഞ്ചി: പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ട് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസിയ്‌ക്ക് സ്വീകരണം. റാഞ്ചി വിമാനത്താവളത്തിലായിരുന്നു സംഭവം. റാഞ്ചിയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കുന്നതിനായി റാഞ്ചി വിമാനത്താവളത്തിലെത്തിയ ഒവൈസിയെ ഇത്തിഹാദുൾ അനുനായികൾ ‘ പാകിസ്ഥാൻ സിന്ദാബാദ്’ എന്ന വിളികളോടെയാണ് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വിവാദം കത്തുകയായിരുന്നു.
വിവാദമായതോടെ വീഡിയോയെക്കുറിച്ച് അന്വേഷിക്കാൻ മജിസ്‌ട്രേറ്റിന്റെയും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെയും സംയുക്ത സമിതിയെ നിയോഗിച്ചിട്ടുണ്ട്. റാഞ്ചിയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റാഞ്ചി സീനിയർ പോലീസ് സൂപ്രണ്ട് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ പത്തോളം തവണയാണ് പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴങ്ങിയത്. മുദ്രവാക്യം വിളിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചവരിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് മുമ്പും അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടികളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ ബെംഗളൂരുവിൽ നടന്ന സിഎഎ വിരുദ്ധ റാലിയിൽ ഇടതുപക്ഷ ആക്ടിവിസ്റ്റായ അമൂല്യ ലിയോണ പാകിസ്താൻ സിന്ദാബാദ് പൊതുവേദിയിൽ മുഴക്കിയത് ഏറെ വിവാദമായിരുന്നു.















