ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായി. പതിനൊന്ന് മണിയോടെയാണ് ഇഡി ആസ്ഥാനത്ത് രാഹുൽ എത്തിയത്. ഒപ്പം സഹോദരി പ്രിയങ്ക വാദ്രയുമുണ്ടായിരുന്നു.
രാഹുലിന്റെ ചോദ്യം ചെയ്യലിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഇടത് രാഷ്‌ട്രീയം വിട്ട് കോൺഗ്രസിലെത്തിയ കനയ്യ കുമാറും പ്രതിഷേധത്തിൽ പങ്കെടുത്തു. ജന്തർ മന്തറിന് മുന്നിൽ സത്യഗ്രഹം ഇരുന്നും പാർട്ടിനേതാക്കൾ പ്രതിഷേധിച്ചിരുന്നു.
മൂന്ന് ദിവസത്തിനിടെ 27 മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥർ രാഹുലിനെ ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ചയും ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും അമ്മ അസുഖബാധിതയാണെന്ന് പറഞ്ഞ് ചോദ്യം ചെയ്യൽ നീട്ടിവെയ്‌ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇന്ന് ഹാജരാകാൻ അനുമതി നൽകിയത്. ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഏറെ സമയമെടുക്കുന്നതുൾപ്പെടെയുള്ള രാഹുലിന്റെ പെരുമാറ്റം മൂലമാണ് ചോദ്യം ചെയ്യൽ നീളാൻ കാരണമെന്നാണ് വിവരം.
അതേസമയം രാഹുലിനെ ഇഡി ചേദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കാൻ മുഴുവൻ കോൺഗ്രസ് എംപിമാരോടും ഡൽഹിയിൽ എത്താൻ പാർട്ടി ദേശീയ നേത്യത്വം നിർദേശിച്ചിട്ടുണ്ട്. രാഹുലിന്റെ അറസ്റ്റുണ്ടായേക്കുമെന്ന സൂചന ലഭിച്ചതോടെ പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ്.
















Comments