ഭോപ്പാൽ: മദ്ധ്യപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് പോലീസ്. സ്ത്രീയുൾപ്പെടെ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. ബാലഘട്ട് ജില്ലയിലെ ലൻജി താലൂക്കിലായിരുന്നു ഏറ്റുമുട്ടൽ.
കദ്‌ല ഗ്രാമത്തിലെ വനമേഖലയോട് ചേർന്നുള്ള പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കായി എത്തിയതായിരുന്നു പോലീസ്. ബലാഘട്ട് പോലീസിലെ ഹാക്ക് ഫോഴ്‌സാണ് പ്രദേശത്ത് എത്തിയത്. പോലീസിനെ കണ്ട കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. പോലീസും പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടലിന് ശേഷം നടത്തിയ തിരച്ചിലിൽ ആണ് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടത്.
ദരേകര ദളമിലെ കമാൻഡർ മനോജ്, രാമേ, വിസ്താർ ദളമിലെ ഡിവിഷണൽ കമാൻഡർ നാഗേഷ് എന്നിവരെയാണ് വധിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരുടെ തലയ്‌ക്ക് വൻ തുകകളാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. നാഗേഷിന്റെ തലയ്‌ക്ക് 15 ലക്ഷം രൂപയും മനോജ്, രാമേ എന്നിവരുടെ തലയ്‌ക്ക് എട്ട് ലക്ഷം രൂപ വീതവുമായി പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇവരുടെ പക്കൽ നിന്നും എകെ 47 ഉൾപ്പെടെ വൻ ആയുധ ശേഖരവും കണ്ടെടുത്തിട്ടുണ്ട്. രണ്ട് എ.കെ 47 റൈഫിളുകൾ, നാടൻ തോക്കുകൾ, 12 ബോർ ഗൺസ്, സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. ഏറ്റുമുട്ടൽ മേഖലയിൽ ഇപ്പോഴും പോലീസ് തമ്പടിച്ചിരിക്കുകയാണ്. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്നാണ് വിവരം.
Comments