ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപ്പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയനാട് എംപി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. അഞ്ചാം ഘട്ട ചോദ്യം ചെയ്യലിനാണ് ഇന്ന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ രാഹുൽ ഹാജരാകുക. നാല് ദിവസമായി നടന്ന ചോദ്യം ചെയ്യലിൽ 40 മണിക്കൂറാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്.
അതിനിടെ രാഹുലിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ തിങ്കൾ മുതൽ ബുധൻ വരെ 30 മണിക്കൂർ രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് അസുഖബാധിതയായ അമ്മ സോണിയ ഗാന്ധിയെ സന്ദർശിക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട രാഹുലിന് ചോദ്യം ചെയ്യലിൽ നിന്നും ഇടവേള നൽകി. ശേഷം ഇന്നലെയാണ് രാഹുൽ വീണ്ടും ഇഡിക്ക് മുമ്പിൽ ഹാജരായത്.
അതേസമയം ചികിത്സയിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ ആശുപത്രി വിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയയോടും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 23ന് ഹാജരാകാനാണ് ഇഡിയുടെ നിർദേശം. നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയേയും കോൺഗ്രസ് ട്രഷറർ പവൻ ബൻസാലിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു.
Comments