ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ജനങ്ങളുടെ ചിന്തകളിലുണ്ടായത് വലിയ മാറ്റമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കശ്മീർ ജനത ഇന്ന് പാകിസ്താനേയോ ഭീകരവാദത്തെയോ പിന്തുണയ്‌ക്കുന്നില്ല. എല്ലാ രാജ്യങ്ങളോടുമെന്നപോലെയുള്ള ബന്ധമാണ് പാകിസ്താനോടും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരി ജനതയുടെ മനോഭാവത്തിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പാകിസ്താനേയോ ഭീകരതയെയോ കശ്മീരി ജനത ഇന്ന് പിന്തുണയ്‌ക്കുന്നില്ല. പാകിസ്താനുമായി മറ്റു രാജ്യങ്ങളോടെന്നതിന് സമാനമായ രീതിയിലുള്ള ബന്ധമാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്. എന്നാൽ ഭീകരതയോട് ക്ഷമിക്കാൻ ഇന്ത്യയ്‌ക്ക് കഴിയില്ല. സമാധാനത്തിനായി ആരോടും ഇന്ത്യ യാചിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശത്രുവിന്റെ അടിസ്ഥാനത്തിലാണ് യുദ്ധം വേണോ സമാധാനം വേണോ എന്ന് ഇന്ത്യ തീരുമാനിക്കുക. രാജ്യ താത്പര്യം സംരക്ഷിക്കുന്ന എന്നത് പ്രധാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോട്, എന്ത്, എങ്ങനെ വേണമെന്ന നിലപാട് രാജ്യം സ്വീകരിക്കാറെന്നും അജിത് ഡോവൽ വ്യക്തമാക്കി.
ചൈനയുമായുള്ള അതിർത്തി പ്രശ്‌നം ദീർഘകാലമായി ഉള്ളതാണ്. ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് എന്താണ് കൃത്യമായി ചൈനയെ അറിയിച്ചിരുന്നു. ഇന്ത്യയ്‌ക്ക് കടന്നുകയറ്റം ക്ഷമിക്കാൻ കഴിയില്ലെന്ന വസ്തുത ചൈനയ്‌ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments