കോട്ടയം; പുതുതായി ടാറിട്ട റോഡിൽ ചേമ്പും കൂവയും പോലുള്ള ചെടികൾ മുളച്ചു. റോഡിന്റെ പലഭാഗത്തായി ഇത്തരത്തിൽ ചെടികൾ പ്രത്യക്ഷപ്പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കോട്ടയം പൂഞ്ഞാർ-കൈപ്പള്ളി -ഏന്തയാർ റോഡിലാണ് സംഭവം.
ആവശ്യത്തിന് മെറ്റൽ പോലും ഇട്ട് ഉറപ്പിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടുകൊണ്ട് ടാറിങ് നടത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡ് നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യാപകവിമർശനവും ഉയർന്ന് കഴിഞ്ഞു.
റോഡിന്റെ നടുഭാഗത്ത് കൂടി തോട് പോലെയാണ് വെള്ളം കയറി ഒഴുകുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു.നിലവിൽ ഉണ്ടായിരുന്ന വീതിയെയും, ഗുണനിലവാരം ഇല്ലാത്ത ടാറിംഗിനെയും ചൊല്ലി തുടക്കം മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചെടികൾ മുളച്ച് തുടങ്ങിയത്.
കരാറുകാരനെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
Comments