മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി. സർക്കാർ രൂപീകരിക്കാൻ തത്കാലം ബിജെപിക്ക് ഉദ്ദേശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് വിമത ശിവസേന എം എൽ എ ഏകനാഥ് ഷിൻഡെയുമായി പാർട്ടി ഒരു തരത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്നും മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. എന്നാൽ രാഷ്ട്രീയത്തിൽ എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ബിജെപി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. നിലവിൽ ഒന്നും പറയാറായിട്ടില്ല. പാട്ടീൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
രാജ്യസഭാ- എം എൽ സി തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സ്വതന്ത്രരുടെയും ചെറു പാർട്ടികളുടെയും പിന്തുണ ലഭിച്ചു. നിലവിൽ 35 എം എൽ എമാരാണ് ഏകനാഥ് ഷിൻഡെക്ക് ഒപ്പമുള്ളത്. ഇതിന്റെ അർത്ഥം, സാങ്കേതികമായി മഹാരാഷ്ട്ര സർക്കാർ ന്യൂനപക്ഷമായി കഴിഞ്ഞു എന്നാണ്. എന്നാൽ, പ്രായോഗികമായി സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകാൻ കുറച്ച് സമയം കൂടി കാത്തിരിക്കണം. പാട്ടീൽ പറഞ്ഞു.
35 എം എൽ എമാരുമായി ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ എത്തിയത് മഹാരാഷ്ട്ര സർക്കാരിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. 20 എം എൽ എമാർ ഷിൻഡെക്ക് ഒപ്പം ഉള്ളതായി ശിവസേനയും സമ്മതിക്കുന്നു.
അതേസമയം, നിലവിലുള്ളത് തെറ്റിദ്ധാരണമൂലം ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളാണ് എന്നാണ് ശിവസേന എം പി സഞ്ജയ് റാവത്ത് പറയുന്നത്. വിഷയം ചർച്ച ചെയ്യാൻ ഷിൻഡെയെ മഹാരാഷ്ട്രയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും റാവത്ത് പറയുന്നു.
Comments