മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിൽ 42 എം എൽ എമാരുടെ പിന്തുണ ഉറപ്പിച്ച് വിമത എം എൽ എ ഏകനാഥ് ഷിൻഡെ. അസമിൽ ഷിൻഡെക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന എം എൽ എമാരുടെ ചിത്രങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. ശിവസേന സിന്ദാബാദ്, ബാലാസാഹേബ് കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എം എൽ എമാർ ഏകനാഥ് ഷിൻഡെക്കൊപ്പം മുഴക്കുന്നത്.
അതേസമയം, ഉദ്ധവ് താക്കറെ പക്ഷം നിമിഷം പ്രതി ശോഷിച്ചു വരികയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ഒഴിയുന്നതിന് മുൻപ് 12 എം എൽ എമാർ മാത്രമാണ് ഉദ്ധവിനെ കാണാൻ എത്തിയത്. ഉദ്ധവ് ഉൾപ്പെടെ 13 പേർ മാത്രമാണ് ഇപ്പോൾ ശിവസേനയിൽ നിന്നും മഹാ വികാസ് അഖാഡിക്ക് ഒപ്പമുള്ളത് എന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം.
എന്നാൽ, പരമാവധി സമയം രാജി വെക്കാതെ പിടിച്ചു നിൽക്കാനാണ് ഉദ്ധവിന് സഖ്യ നേതാക്കൾ നൽകിയിരിക്കുന്ന നിർദ്ദേശം എന്നാണ് സൂചന. എന്ത് വില കൊടുത്തും ഉദ്ധവിനൊപ്പം നിൽക്കാനാണ് ശരദ് പവാർ എൻസിപി എം എൽ എമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അധികാരം നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാലും , കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുക്കാനാണ് പവാർ എൻസിപി എം എൽ എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments