മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യസർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ പോസ്റ്ററുകൾ. ഔറംഗാബാദിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
‘മൗലി മാതാവ് ഞങ്ങൾക്ക് മേൽ അനുഗ്രഹം വർഷം ചൊരിയുക. മുഖ്യമന്ത്രി ആയതിന് ശേഷം ദേവേന്ദ്രജി പാന്ധർപൂരിൽ എത്തി അവിടത്തെ മുന്നിൽ പ്രാർത്ഥനകൾ അർപ്പിക്കുന്നതാണ്.‘ ഇതായിരുന്നു ദേവേന്ദ്ര ഫഡ്നവിസിന്റെ ചിത്രം അടങ്ങിയ പോസ്റ്ററിന്റെ ഉള്ളടക്കം.
അതേസമയം, രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ, ശിവസേനയുടെ അവസാന അനുനയ ശ്രമവും തള്ളി വിമത നേതാവ് ഏകനാഥ് ഷിൻഡെ രംഗത്ത് വന്നു. എം എൽ എമാർ മടങ്ങി എത്തിയാൽ 24 മണിക്കൂറിനുള്ളിൽ മഹാ വികാസ് അഖാഡി സഖ്യം ഉപേക്ഷിക്കാമെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഉപാധിയാണ് ഷിൻഡെ തള്ളിയത്. റാവത്തിന്റെ വാഗ്ദാനത്തിന് ഇനി പ്രസക്തിയില്ലെന്നും, സമയം ഒരുപാട് വൈകിപ്പോയെന്നുമാണ് ഏകനാഥ് ഷിൻഡെ പ്രതികരിച്ചത്. തനിക്ക് 42 എം എൽ എമാരുടെ പിന്തുണയുണ്ടെന്നും ഏകനാഥ് ഷിൻഡെ ആവർത്തിച്ച് അവകാശപ്പെട്ടു.
Comments