മുംബൈ: എം എൽ എമാരെ വിമത നേതാവ് ഏകനാഥ് ഷിൻഡെ തട്ടിക്കൊണ്ട് പോയെന്ന ശിവസേനയുടെ ആരോപണവും പൊളിഞ്ഞു. ഫ്ലൈറ്റിനുള്ളിൽ സെൽഫിക്ക് പോസ് ചെയ്യുന്ന ശിവസേന എം എൽ എ നിതിൻ ദേശ്മുഖിന്റെ ചിത്രം പുറത്ത് വന്നു. നിതിൻ ദേശ്മുഖിനെ തട്ടിക്കൊണ്ട് പോയതാണെന്നായിരുന്നു ശിവസേനയുടെ ആരോപണം.
ചാർട്ടേർഡ് വിമാനത്തിൽ മറ്റ് വിമത എം എൽ എമാർക്കൊപ്പം ഇരിക്കുന്ന നിതിൻ ദേശ്മുഖിന്റെ ചിത്രമാണ് ആദ്യം പുറത്തു വന്നത്, പിന്നാലെ, വിമത എം എൽ എമാർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന ദേശ്മുഖിന്റെ ചിത്രം കൂടി പുറത്ത് വന്നതോടെ ശിവസേനയുടെ ആരോപണം ദയനീയമായി പൊളിയുകയായിരുന്നു.
സൂറത്തിൽ നിന്നും ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ എടുത്തത് എന്ന് കരുതപ്പെടുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഗുവാഹത്തിയിൽ നിന്നും മുംബൈയിൽ എത്തിയ ശേഷം ഉദ്ധവ് പക്ഷത്തിനൊപ്പം ചേർന്ന നിതിൻ ദേശ്മുഖ്, തന്നെ ഏകനാഥ് ഷിൻഡെ തട്ടിക്കൊണ്ട് പോയതാണ് എന്ന ആരോപണം ഉന്നയിക്കുകയായിരുന്നു.
അതേസമയം, മഹാരാഷ്ട്രയിൽ സാങ്കേതികമായി ന്യൂനപക്ഷമായ ഉദ്ധവ് താക്കറെ സർക്കാർ അധികാരത്തിൽ കടിച്ച് തൂങ്ങാനുള്ള അവസാന ശ്രമം തുടരുകയാണ്. 42 എം എൽ എമാരുടെ പിന്തുണ ഉറപ്പിച്ചതായി വിമത എം എൽ എ ഏകനാഥ് ഷിൻഡെ ആവർത്തിച്ച് അവകാശപ്പെടുന്നു. അസമിൽ ഷിൻഡെക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന എം എൽ എമാരുടെ ചിത്രങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. ശിവസേന സിന്ദാബാദ്, ബാലാസാഹേബ് കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എം എൽ എമാർ ഏകനാഥ് ഷിൻഡെക്കൊപ്പം മുഴക്കുന്നത്.
അതിനിടെ, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഔറംഗാബാദിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
Comments