പാറ്റ്‌ന: അഗ്നിപഥ് പദ്ധതിയുടെ പേരിൽ ബീഹാറിൽ നടന്ന കലാപ ശ്രമവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ബീഹാറിലെ കലാപത്തിന്റെ ആസൂത്രണം സംബന്ധിച്ച വിവരങ്ങൾ ആണ് പുറത്തുവിട്ടത്. ബീഹാറിലെ ബെട്ടിയയിൽ കലാപത്തിനായി നടത്തിയ ആസൂത്രണവും, ആളുകളെ സംഘടിപ്പിച്ചതുമായ വിവരങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്.
വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ബെട്ടിയയിൽ കാലാപത്തിനായി അക്രമികൾ ആസൂത്രണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഫ്യൂച്ചർ ഫൗജി (ഭാവി സൈനികർ) എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ഉറവിടം തലസ്ഥാനമായ പാറ്റ്നയാണ്. ജൂൺ 17 ന് നിർമ്മിച്ച ഈ ഗ്രൂപ്പിൽ ചിലർ പങ്കുവെച്ച പ്രകോപനപരമായ സന്ദേശങ്ങളാണ് യുവാക്കളെ ചൊടിപ്പിച്ചത്. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ വിശ്വസിച്ച യുവാക്കൾ കലാപത്തിനായി തെരുവിൽ ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളുടെ മറവിൽ കലാപകാരികൾ ലക്ഷ്യമിട്ടത് ബിജെപി നേതാക്കളെയായിരുന്നു. ബിജെപി ഓഫീസും ബിജെപി നേതാക്കളുടെ വീടുകളും കത്തിക്കണമെന്നുള്ള സന്ദേശവും വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനായി എല്ലാവരും 108 രൂപ വീതം നൽകണമെന്നും അറിയിപ്പുണ്ട്. പൊതുമുതൽ വ്യാപകമായി നശിപ്പിച്ച് സംസ്ഥാനത്ത് ഭീതിയുണ്ടാക്കാനുള്ള നിർദ്ദേശവും വാട്‌സ് ആപ്പ് ഗ്രൂപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ജൂൺ 17ന് അഗ്നിപഥിന്റെ പേരിൽ ബീഹാറിൽ പ്രത്യേകിച്ച് ബെട്ടിയ ജില്ലയിൽ വലിയ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. പദ്ധതിയുടെ മറവിൽ വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു കലാപകാരികളുടെ ഉദ്ദേശ്യമെന്നാണ് പോലീസ് പുറത്തുവിട്ട വിവരങ്ങളിൽ നന്നും വ്യക്തമാകുന്നത്.
Comments