മുംബൈ : മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയപ്പോര് കനക്കുന്നു. 50 ഓളം എംഎൽഎമാർ ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ചതോടെ ഉദ്ധവ് താക്കറെ വിഭാഗം ന്യൂനപക്ഷമാവുകയാണ്. ശിവസേനയിൽ ഉദ്ധവ് താക്കറെ വിഭാഗം ന്യൂനപക്ഷമായെന്ന് മന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു.
നിലവിൽ 37 ഓളം ശിവസേന എംഎൽഎമാരുടെയും 10 സ്വതന്ത്രരുടെയും പിന്തുണയുണ്ട് ഷിൻഡെയ്‌ക്ക്. ഇന്ന് ഉച്ചയോടെ ഇത് 50 കടക്കാനാണ് സാദ്ധ്യത. ഇവരെ ഗുവാഹത്തിയിലെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്. 55 എംഎൽഎമാരിൽ 37 പേരുടെ പിന്തുണ ലഭിച്ചാൽ തന്നെ മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണയാണ് ഷിൻഡെയ്‌ക്ക് ഉണ്ടാകുക. ഇതോടെ കൂറുമാറ്റനിരോധന നിയമം ബാധകമാകില്ല.
രാഷ്‌ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ മുൻ മുഖ്യമന്ത്രിയും മഹാരാഷ്‌ട്രയിലെ മുതിർന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തും. ശിവസേന, എൻസിപി കോൺഗ്രസ് സഖ്യം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, ഏക്‌നാഥ് ഷിൻഡെ ഉൾപ്പെടെ കൂറുമാറിയ 12 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്‌ട്ര ഡെപ്യൂട്ടി സ്പീക്കർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
Comments