അഹമ്മദാബാദ് ; ഗ്രാമത്തിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ സർപഞ്ചിനോട് മുഖം മറയ്‌ക്കേണ്ട ആവശ്യമില്ലെന്ന് നിർദ്ദേശിച്ച് ഗുജറാത്ത് മന്ത്രി. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ രാൻതേജിലാണ് സംഭവം. രാൻതേജ് ഗ്രാമത്തിലെ സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ട മീനാബ സാലയോടാണ് വിദ്യാഭ്യാസ മന്ത്രി ജുതു വാഗാനി മുഖം മറയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞത്. ഇത് ഗ്രാമത്തിലെ മുതിർന്നവർ ഒന്നാകെ അംഗീകരിച്ചതോടെ യുവതി മുഖത്ത് നിന്നും സാരി മാറ്റി. തുടർന്ന് ഇവർക്ക് വേദിയിൽ തന്നെ കസേരയും ഒരുക്കിക്കൊടുത്തു.
ബഹുചാർ മാതയുടെ ചിത്രം നൽകുന്നതിനായി സർപഞ്ചിനെ വേദിയിലേക്ക് വിളിച്ചപ്പോഴാണ് സംഭവം. മുഖം മറച്ച നിരവധി സ്ത്രീകൾക്കിടയിൽ നിന്നും ഇവർ എഴുന്നേറ്റ് വന്നു. എന്നാൽ സമ്മാനം നൽകുന്നതിന് മുൻപ് എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് യുവതിയുടെ മുഖത്ത് നിന്ന് മറ നീക്കാൻ മന്ത്രി നിർദ്ദേശിച്ചു. മുതിർന്നവരുടെ അനുമതിയുണ്ടെങ്കിൽ മീനാബയ്‌ക്ക് മുഖത്ത് നിന്നും വസ്ത്രം നീക്കാവുന്നതാണ് എന്ന് മന്ത്രി പറഞ്ഞു. വാർഷിക സ്‌കൂൾ പ്രവേശനോത്സവം, പെൺകുട്ടികളെ പഠിപ്പിച്ച് മുൻനിരയിൽ എത്തിക്കുന്നതിനുളള പദ്ധതിയായ കന്യാ കേളവാണി എന്നിവയ്‌ക്ക് തുടക്കം കുറിയ്‌ക്കുന്ന ചടങ്ങിനിടെയായിരുന്നു ഇത്.
മന്ത്രിയുടെ ആവശ്യം ആദ്യം ആരും അംഗീകരിച്ചില്ല. തങ്ങൾ രജപുത്രന്മാരാണെന്നും, ആചാരമനുസരിച്ച് സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്നും ഇവർ പറഞ്ഞു. എന്നാൽ ഇതിന് സമുദായവുമായി എന്ത് ബന്ധമാണുള്ളത് എന്നാണ് മന്ത്രി ചോദിച്ചത്. ദർബാറാണെങ്കിലും പട്ടേൽ ആണെങ്കിലും ബ്രാഹ്മണരാണെങ്കിൽ സ്ത്രീകൾ എത്രമാത്രം സന്തോഷവതികളാണെന്ന് നോക്കൂ. അവർ നിങ്ങളെയെല്ലാം അനുഗ്രഹിക്കുന്നത് നോക്കൂ.
പരമ്പരാഗതമര്യാദ ഒരിക്കലും ഒരു തെറ്റല്ല. എന്നാൽ ഒരു സർപഞ്ചാകുമ്പോൾ ഈ പാരമ്പര്യങ്ങളിൽ നിന്ന് നിങ്ങൾ പുറത്തുവരേണ്ടതുണ്ട്. ചുറ്റും നോക്കൂ, ലോകം എവിടേയ്‌ക്ക് എത്തിയിരിക്കുന്നു. മുഖം മറ നീക്കിയാൽ നമുക്ക് നമ്മുടെ മര്യാദ ഒരിക്കലും നഷ്ടപ്പെടുന്നില്ല. ഈ ആചാരം മോശമാണെന്ന് താൻ പറയുന്നില്ല, എന്നാൽ സമയത്തിനനുസരിച്ച് നമ്മൾ മാറി ചിന്തിക്കുകയും ഇതിൽ നിന്ന് പുറത്തുവരുകയും വേണം. എന്നാലെ നമുക്ക് മുന്നോട്ട് പോകാനാകൂ. ഇനിയെല്ലാം ഗ്രാമം തീരുമാനിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. ആൾക്കൂട്ടത്തിലെ മറ്റെല്ലാ സ്ത്രീകളും അവരുടെ മുഖം പുറത്തുകാട്ടണമെന്ന് വാഗാനി പറഞ്ഞു.
ഇതു കേട്ടുനിന്ന ഗ്രാമത്തിലെ മുതിർന്നവർ സമ്മതം നൽകി. പിന്നാലെ മീനാബ മുഖത്ത് നിന്നും വസ്ത്രം മാറ്റി സമ്മാനം ഏറ്റുവാങ്ങി. ഇവർക്ക് സ്‌റ്റേജിൽ ഇരിക്കാനുള്ള സൗകര്യവും ഒരുക്കിനൽകി.
മന്ത്രി പറഞ്ഞത് ശരിയാണെന്ന് മീനാബ പറഞ്ഞു. നാം നമ്മുടെ ആചാരങ്ങൾ വീട്ടിൽ സൂക്ഷിക്കുകയും ഇതിൽ നിന്ന് പുറത്തുവരുകയും വേണം. തങ്ങൾ വീടുകളിൽ പോലും ശിരോവസ്ത്രം ധരിച്ചാണ് നടക്കുന്നത് എന്നും പക്ഷേ കാലത്തിനനുസരിച്ച് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അവർ പറയുന്നു. നാല് പുരുഷ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിക്കൊണ്ടാണ് മൂന്ന് കുട്ടികളുടെ അമ്മയായ മീനാബ സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ടത്. തനിക്ക് പോലീസിൽ ചേരണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സഹോദരന്മാർ അതിന് സമ്മതിച്ചില്ല. അതുകൊണ്ട് ആദ്യം വർഷം തന്നെ ബിരുദ പഠനം നിർത്തി കോളേജിൽ നിന്ന് പടിയിറങ്ങി. എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറുകയാണ്. പെൺകുട്ടികൾ തങ്ങളുടെ മുന്നേറ്റത്തിനായി പരിശ്രമിക്കുന്നു. ഇന്ന് തന്റെ സഹോദരന്റെ മകൾ പോലീസാണെന്നും മീനാബ അഭിമാനത്തോടെ പറഞ്ഞു.
















Comments