ന്യൂഡൽഹി: ഭീകര സംഘടനകളുടെ സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാൻ മാറുകയാണെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇത് അഫ്ഗാനിസ്ഥാന് ഉൾപ്പെടെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യ, ഭീകര സംഘടനകൾക്കെതിരെ ഏകീകൃത നടപടി സ്വീകരിക്കണമെന്നും യുഎൻ രക്ഷാസമിതിയിൽ ആഹ്വാനം ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, ജെയ്ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-ത്വായ്ബ എന്നീ ഭീകര സംഘടനകൾക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ നാം കൂടുതൽ പുരോഗതി കൈവരിക്കേണ്ടുണ്ടെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു.
യുഎൻ പട്ടികപ്പെടുത്തിയ തീവ്രവാദ സംഘടനകളും അഫ്ഗാന് പുറത്ത് നിന്ന് പ്രവർത്തിക്കുന്ന പല ഭീകര സംഘടനകളുടെയും പ്രകോപനപരമായ പ്രസ്താവനകളും തമ്മിൽ ബന്ധമുണ്ടെന്നും അത് അഫ്ഗാന് മുഴുവൻ ഭീഷണിയാണെന്നും ടി.എസ് തിരുമൂർത്തി ചൂണ്ടിക്കാട്ടി.
സജീവമായി തുടരുന്ന അൽ-ഖ്വയ്ദ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് അഫ്ഗാനെ നിയന്ത്രിക്കുന്ന താലിബാൻ ഇപ്പോഴും വേർപിരിഞ്ഞിട്ടില്ല. അതിനാൽ
ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ സങ്കേതമായി അഫ്ഗാനിസ്ഥാൻ മാറാതിരിക്കാൻ ഏകീകൃത നടപടി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊറാസൻ വിഭാഗം നടത്തുന്ന ആക്രമണങ്ങൾ ഗണ്യമായി വർദ്ധിക്കുന്നതിലും ഇത്തരം ഭീകരാക്രമണങ്ങൾ നടത്താൻ അവരുടെ ശേഷി വർധിച്ചതിലും തിരുമൂർത്തി ആശങ്ക പ്രകടിപ്പിച്ചു.
Comments