18 അടി നീളം; 98 കിലോ ഭാരം; ഏറ്റവും വലിയ പെരുമ്പാമ്പിനെ ദയാവധം നടത്തി

Published by
Janam Web Desk

ന്യൂയോർക്ക്: അമേരിക്കയിൽ ഏറ്റവും വലിയ പെൺ പെരുമ്പാമ്പിനെ ദയാവധം നടത്തി. ഫ്‌ളോറിഡയിലാണ് ഏറ്റവും വലിയ ബർമീസ് പെരുമ്പാമ്പിനെ കണ്ടെത്തി ദയാവധം നടത്തിയത്. പെരുമ്പാമ്പിന്റെ വയറ്റിലുണ്ടായിരുന്ന മുട്ടകളും നശിപ്പിച്ചു.

ഫ്‌ളോറിഡയിൽ പെരുമ്പാമ്പുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നടപടി. പെരുമ്പാമ്പുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ മറ്റ് ജീവജാലങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇത് തടയുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങളായി പെരുമ്പാമ്പുകളെ കണ്ടെത്തി കൊല്ലുകയാണ്. ഇതിനിടെയാണ് ഏറ്റവും വലിയ പെരുമ്പാമ്പിനെ കണ്ടെത്തി കൊല്ലാൻ ഗവേഷകർ തീരുമാനിച്ചത്. ഇതിനായി ഗവേഷകർ ഒരു പദ്ധതിയും ഉണ്ടാക്കി.

എവർഗ്ലേഡിലാണ് പെൺ പെരുമ്പാമ്പ് ഉണ്ടായിരുന്നത്. ആൺ പെരുമ്പാനിനെ ഉപയോഗിച്ച് ആകർഷിച്ചായിരുന്നു പെൺപെരുമ്പാമ്പിനെ പുറത്ത് എത്തിച്ചത്. തുടർന്ന് പിടികൂടി ലാബിലെത്തിച്ച് ദയാവധം നടത്തുകയായിരുന്നു. ഗർഭിണിയായിരുന്ന പാമ്പിന്റെ വയറ്റിൽ നിന്നും 122 മുട്ടകളാണ് ലഭിച്ചത്.

ഫ്‌ളോറിഡയിൽ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ പെരുമ്പാമ്പാണ് ഇത്. 18 അടി നീളമുള്ള പാമ്പിന് 98 കിലോ ഗ്രാം ഭാരമുണ്ട്. ഈ പെൺ പെരുമ്പാമ്പിന് 20 വയസ്സ് പ്രായം വരുമെന്നാണ് വിവരം. നേരത്തെ ഇവിടെ നിന്നും ഏറ്റവും വലിയ ആൺ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. 16 അടിയായിരുന്നു ഇതിന്റെ നീളം.

Share
Leave a Comment