ന്യൂഡൽഹി: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന ഏഴര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കൃത്യം മനുഷ്യത്വ രഹിതവും മൃഗീയവുമാണെന്ന് കോടതി നിരീക്ഷിച്ചു.
വധശിക്ഷ വിധിച്ച രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതി മനോജ് പ്രതാപ് സിംഗ് സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച ശേഷം പ്രതി പെൺകുട്ടിയെ, മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. നിഷ്കളങ്കയായ പെൺകുട്ടിയുടെ വിശ്വാസം നേടിയെടുത്ത ശേഷം കൃത്യം നിർവ്വഹിച്ച പ്രതി ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, മോഷണം, തെളിവ് നശിപ്പിക്കൽ, പോക്സോ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ബലാത്സംഗത്തിന് ശേഷം പ്രതി കുട്ടിയുടെ തല അടിച്ചു തകർത്തു. പെൺകുട്ടി ജീവന് വേണ്ടി പിടയുന്ന അവസരത്തിലും മൃഗീയമായ പീഡനം തുടർന്ന പ്രതി കുട്ടിയുടെ ശരീരത്തിന്റെ മുൻഭാഗത്തിലെ അസ്ഥികൾ നിശ്ശേഷം തകർത്തു. ശിക്ഷ കൊണ്ട് നവീകരിക്കാൻ പറ്റുന്നതിലും അപ്പുറം ക്രൂരമാണ് പ്രതിയുടെ മനോനിലയെന്ന് കോടതി നിരീക്ഷിച്ചു. മരണത്തിൽ കുറഞ്ഞ ശിക്ഷ പ്രതിക്ക് നൽകുന്നത് സമൂഹത്തിന് ഭീതിയും തെറ്റായ സന്ദേശവും നൽകുമെന്ന് ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Comments