ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ കിയ കാരൻസിന് ലഭിച്ചത് മൂന്ന് സ്റ്റാർ. മുതിർന്നവരുടെ സുരക്ഷയിൽ 17 ൽ 9.30 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 30.99 പോയിന്റും കിയ കാരൻസ് നേടിയിട്ടുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള സുരക്ഷ പരീക്ഷണങ്ങൾക്കൊടുവിലാണ് ഗ്ലോബൽ എൻസിഎപി കിയയ്‌ക്ക് മൂന്ന് സ്റ്റാർ നൽകിയിട്ടുള്ളത്. ക്രാഷ് ടെസ്റ്റ് നടത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇതിന് മുമ്പ് കിയ സെൽറ്റോസിനും ക്രാഷ് ടെസ്റ്റിൽ മൂന്ന് സ്റ്റാറാണ് ലഭിച്ചത്.
കിയ എംപിവി കാരൻസിന് നൽകിയിട്ടുള്ള അടിസ്ഥാന സുരക്ഷക്രമീകരണങ്ങളിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. കാരസിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ ആറ് എയർബാഗ്, എബിഎസ്, സീറ്റ്ബെൽറ്റ് പ്രീടെൻഷനർ, ഓൾ വീൽ ഡിസ്ക് ബ്രേക്ക്, ബ്രേക്ക് അസിസ്റ്റ്, ടിപിഎംഎസ് എന്നിവയാണ് ഉള്ളത്. ഇവ എത്രകണ്ട് ഫലപ്രധമാണെന്ന് പരീക്ഷിക്കുന്നതായിരുന്നു ഈ ക്രാഷ് ടെസ്റ്റ്. കാരൻസിന്റെ എല്ലാ വകഭേദങ്ങളിലും കിയ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്.
മുതിർന്നവരുടെ സുരക്ഷയെപ്പറ്റി വിശകലനം ചെയ്യുമ്പോൾ, ഡ്രൈവറുടെയും മറ്റ് യാത്രക്കാരുടെയും തലയ്‌ക്കും കഴുത്തിനും കിയ നൽകിയ സുരക്ഷ മികച്ചതാണെന്ന് ഗ്ലോബൽ എൻസിഎപി പറയുന്നു. യാത്രക്കാരുടെ നെഞ്ചിന്റെ ഭാഗത്തിന് സുരക്ഷ മികച്ചതായിരിക്കുമ്പോൾ തന്നെ ഡ്രൈവർ സീറ്റിലുള്ള വ്യക്തിയുടെ നെഞ്ചിന് നൽകുന്ന സംരക്ഷണം നാമമാത്രമായിരുന്നു. ട്രാൻസ്‌ഫാസിയ ട്യൂബ് പിന്തുണയ്‌ക്കുന്ന ഡാഷ്‌ബോർഡിന് പിന്നിലെ ഘടനകൾ ഏറെ മികച്ചതെന്ന് പറയാൻ കഴിയില്ല. ക്രാഷ് ടെസ്റ്റിൽ ഡ്രൈവറുടെയും യാത്രക്കാരന്റെയും കാൽമുട്ടുകൾക്ക് നാമമാത്രമായ സംരക്ഷണം മാത്രമാണ് ലഭിക്കുന്നത്.
ഡ്രൈവറുടെയും യാത്രക്കാരുടെയും കാൽ മുട്ടുകൾക്ക് താഴേയ്‌ക്കുള്ള ഭാഗത്തിന് മികച്ച സംരക്ഷണമാണ് വാഹനം ഉറപ്പ് നൽകുന്നത്. കാറിന്റെ ബോഡിഷെല്ലും ഫുട്‌വെൽ ഏരിയയും അസ്ഥിരമാണെന്ന് തെളിയിക്കുന്ന റേറ്റിങ്ങാണ് പുറത്ത് വന്നത്. അവയ്‌ക്ക് കൂടുതൽ ഭാരം ഏറ്റുവാങ്ങാൻ പ്രയാസമാണ്. 3 വയസ്സുള്ള കുട്ടിക്കുള്ള ചൈൽഡ് സീറ്റ് ISOFIX ഉം ടോപ്പ് ടെതറും ഉപയോഗിച്ച് FWF സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല, ആഘാതത്തിനിടയിൽ തലയ്‌ക്കുണ്ടാകുന്ന വലിയ ഇളക്കം തടയാൻ കഴിയുന്നില്ല. തലയക്ക് മോശവും നെഞ്ചിന് ന്യായവുമായ സുരക്ഷയാണ് കാർ നൽകുന്നത്. അതേസമയം,1.5 വയസ്സ് പ്രായമുള്ള കുട്ടികൾക്കുള്ള ചൈൽഡ് സീറ്റ് ISOFIX ഉം കാല് വെയ്‌ക്കുന്നതിനുള്ള ഇടവുമുള്ള RWF ഉം കമ്പനി നൽകിയിട്ടുണ്ട്. ഇത് തലയ്‌ക്കും നെഞ്ചിനും നല്ല സംരക്ഷണം നൽകുകയും, ആഘാത സമയത്ത് തല പുറത്തേയ്‌ക്ക് തള്ളുന്നതും തടയുന്നു. കിയ എംപിവി കാരൻസ് കുട്ടികൾക്ക് ശരാശരി സുരക്ഷ നൽകുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് കിയ എംപിവിയായ കാരൻസിനെ വിപണിയിലെത്തിച്ചത്. മികച്ച വരവേൽപാണ് കാരൻസിന് വാഹനപ്രേമികളിൽ നിന്ന് ലഭിച്ചത്.
Comments