ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരൻ പിടിയിൽ. കശ്മീരിലെ ദോഡ മേഖലയിൽ നിന്നാണ് ആയുധങ്ങളുമായി ഭീകരനെ പിടികൂടിയത്. ദോഡ സ്വദേശിയായ ഫരീദ് അഹമ്മദാണ് അറസ്റ്റിലായതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു ചൈനീസ് പിസ്റ്റലും രണ്ട് മാഗസീനുകളും 14 ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോണും വിശദമായി പരിശോധിച്ച് വരികാണ്.
കശ്മീരിൽ അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥ യാത്ര ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു. തുടർന്ന് ഡോഡയിലെ ചെക്ക്‌പോയിന്റിൽ നടത്തിയ പരിശോധനയിലാണ് ഫരീദ് അഹമ്മദ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതോടെ ഫരീദിനെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഫരീദിനെ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ മാർച്ചിലാണ് ഭീകരസംഘത്തിൽ നിന്നും ഫരീദിന് ആയുധങ്ങൾ ലഭിച്ചത്. ദോഡയിലെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കണമെന്നായിരുന്നു ഫരീദിന് ലഭിച്ച നിർദേശം.
അതിർത്തിക്ക് അപ്പുറത്ത് നിന്നും കശ്മീർ താഴ്‌വരയിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്ന ഭീകര സംഘമാണ് ഫരീദിന് നിർദേശങ്ങൾ നൽകിയിരുന്നത്. സംഘടനയിലെ കമാൻഡർമാർ ഫരീദുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഏത് ഭീകരസംഘനയാണ് ഫരീദിന് നേതൃത്വം നൽകിയിരുന്നതെന്ന് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.
















Comments