ഒരോ ശ്രോതാവിനെയും തന്റെ വരികൾ കൊണ്ട് ഭക്തിയുടെ പാരമ്യതയിലേക്ക് എത്തിച്ച അതുല്യ പ്രതിഭ . ആ തൂലികയിൽ വിടരുന്ന ഒരോ വരികളും ആസ്വാദകന്റെ മനസ്സിൽ മായാതെ നിലകൊണ്ടു. ഗുരുവായൂരപ്പന്റെ രൂപം ഒരു ശിലപോലെ തന്റെ വരികളിലൂടെ വിശ്വാസികൾക്ക് പകർന്ന് നൽകിയ ഗാനരചയിതാവ് ആയിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി.
‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’, ‘ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം’, കണ്ണന്റെ ഈ വരികൾ മൂളാത്ത മലയാളികൾ ചുരുക്കമാണ്. ‘ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം’ ‘കാനന വാസാ കലിയുഗ വരദാ കാൽത്തളിരിട കൈ തൊഴുന്നേൻ’ തുടങ്ങിയ പ്രസിദ്ധമായ അയ്യപ്പഭക്തിഗാനങ്ങളും കൊണ്ട് ആസ്വാദകലോകത്തെ തഴുകിയ വ്യക്തിത്വം.
മൂവായിരത്തോളം ഭക്തിഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഉളളുരുകി കണ്ണടച്ച് പ്രാർത്ഥിക്കുന്ന ഭക്തന്റെ അകക്കണ്ണിൽ ദൈവീകചൈതന്യം പ്രതിഷ്ഠിക്കുന്ന വരികൾ അതായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ രചനാശൈലി. ഗാനങ്ങൾക്ക് പുറമെ കഥ,നോവൽ, ചെറുകഥ,വിവർത്തനം ,നർമ്മലേഖനങ്ങൾ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ ഇടങ്ങൾ.തന്റെ രചനയിൽ എന്നും ലളിതമായ ഭാഷാ പ്രയോഗങ്ങൾ കൊണ്ട് വരാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
1936ൽ ഗുരുവായൂർ ചൊവ്വല്ലൂർ വാരിയത്ത് കാവിൽ വാരിയത്ത് ശങ്കുണ്ണി വാര്യരുടെയും പാറുക്കുട്ടി വാരസ്യാരുടെയും മകനായി ജനനം.ഇരിങ്ങപ്പുറം മാക്കുണ്ണി മെമ്മോറിയൽ സ്‌കൂൾ, മറ്റം സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂൾ, തൃശൂർ ശ്രീകേരളവർമ്മ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ശേഷം മാദ്ധ്യമ രംഗത്ത് പ്രഥമ സ്ഥാനം വഹിച്ചു. തുടർന്ന് 2004ൽ അസിസ്റ്റന്റ് എഡിറ്റർ എന്ന പദവിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ചു.
ഇവയ്‌ക്ക് പുറമെ കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചു. കലമണ്ഡലം കല്യാണിക്കുട്ടിയമ്മ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ തുടങ്ങി നിരവധി ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിർവഹിച്ചു. വിവിധ വിഭാഗങ്ങളിലായി പതിനെട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ചലച്ചിത്രഗാനങ്ങൾ, റേഡിയോ നാടകങ്ങൾ എന്നിവയും മൂവായിരത്തിൽ പരം ഭക്തി ഗാനങ്ങളും രചിച്ചു.
തിരുവെങ്കിടാചലപതി, പാമ്പാടി നാഗരാജക്ഷേത്രം, വാരിയർ സമാജത്തിന്റെ സഞ്ജീവനി അവാർഡ്, ടോംയാസ് അവാർഡ്,ജ്ഞാനപ്പാന, രേവതി പട്ടത്താനം,വേദക്കാട് ക്ഷേത്രം, പുത്തൂർ ദേവിക്ഷേത്രം, ഗുരുവായൂർ നഗരസഭാ പുരസ്‌കാരം, കേരള കലാമണ്ഡലത്തിന്റെ മുകുന്ദരാജ സ്മൃതി പുരസ്‌കാരം, ഗീതാഗോവിന്ദം അവാർഡ്, സിദ്ധിനാഥാനന്ദസ്വാമി പുരസ്‌കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.
















Comments