തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. അഭിപ്രായ സ്വാതന്ത്ര്യത്തെപറ്റി പ്രധാനമന്ത്രി മുതൽ സകലരേയും പഠിപ്പിക്കുന്നവരാണ് ഇടത് പക്ഷം. എന്നാൽ അവർ തരാതരം കടക്ക് പുറത്തെന്ന് ആവർത്തിക്കുന്നത് ഇരട്ടത്താപ്പാണ്. അതിനപ്പുറം ഇന്ദിരയുടെ ഇന്ത്യ കണ്ട ഫാസിസം തന്നെയാണെന്ന് വി.മുരളീധരൻ വിമർശിച്ചു.
കോവിഡ് കാലത്ത് നിയന്ത്രണത്തിന്റെ ഭാഗമായി പാർലമെൻ്റിൽ മാദ്ധ്യമപ്രവർത്തകരുടെ എണ്ണം ചുരുക്കിയപ്പോൾ മാദ്ധ്യമ വിലക്കെന്ന് പ്രഖ്യാപിച്ചവരാണ് സിപിഎം. അവർ ഇപ്പോൾ എവിടെ പോയി എന്നും മുരളീധരൻ ചോദിച്ചു. ചോദ്യം ചെയ്യപ്പെടുമ്പോൾ അവകാശങ്ങളെ റദ്ദാക്കുന്ന ഇടത് അജൻഡ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ മാദ്ധ്യമ വിലക്കേർപ്പെടുത്തിയ ഭരണപക്ഷഹുങ്ക് ചോദ്യംചെയ്യപ്പെടണം. സമ്പൂർണമായ വിധേയത്വമാണെങ്കിൽ കടന്നുവന്നോളൂ അല്ലെങ്കിൽ കടക്ക് പുറത്തെന്ന പിണറായി വിജയന്‍റെ ധാർഷ്ട്യ സമീപനത്തോട് മാദ്ധ്യമസമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്ന് വി. മുരളീധരൻ പറഞ്ഞു. സ്വർണക്കടത്ത് ആരോപണം മുതൽ മുഖ്യമന്ത്രിയും സിപിഎമ്മും കേരളത്തിൽ ചെയ്തുകൂട്ടുന്ന പൗരാവകാശ ധ്വംസനം അപലപനീയമാണെന്നും, ചോദ്യങ്ങളോടുള്ള അസഹിഷ്ണുത അടിച്ചമർത്തലിലൂടെ പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ എൽഡിഎഫ് സർക്കാർ വലിയ വില നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments