ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ചൊവ്വാഴ്ച പകൽ 11.00ന് ഇഡിയുടെ മുംബൈയിലെ ഓഫീസിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ, സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ 11.15 കോടി രൂപയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി പ്രവീൺ റാവത്തിന്റെ പേരിലുള്ള 100 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടും ഇഡി അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പ്രവീൺ റാവത്തിന്റെ 72 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
കൂടാതെ, സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിന്റെ പേരിലുള്ള 4,300 കോടി രൂപയുടെ പി എം സി ബാങ്ക് കള്ളപ്പണ ഇടപാട് കേസിലും ഇഡി അന്വേഷണം നടക്കുകയാണ്.
അതേസമയം, ഇഡി സമൻസ് രാഷ്‌ട്രീയ പക പോക്കലാണെന്ന നിലപാട് സഞ്ജയ് റാവത്ത് ആവർത്തിച്ചു. തന്നെയും വിലയ്‌ക്ക് വാങ്ങാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. തല പോയാലും നിലപാട് മാറ്റില്ലെന്നും ഗുവാഹട്ടിയിലേക്ക് പോകില്ലെന്നും റാവത്ത് പറഞ്ഞു.
Comments