മുംബൈ : ശിവസേനയിൽ വിമതർ കലാപക്കൊടി ഉയർത്തിയതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ധവ് താക്കറേ ഒരുങ്ങിയെന്ന് റിപ്പോർട്ടുകൾ . എന്നാൽ രണ്ട് തവണയാണ് അദ്ദേഹത്തെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സഖ്യകക്ഷിയിലെ മുതിർന്ന നേതാവാണ് ഉദ്ധവിനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും സൂചനകൾ ലഭിക്കുന്നുണ്ട്.
അതേസമയം ഉദ്ധവിനെ രാജിവെക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത് എൻ സി പി അദ്ധ്യക്ഷൻ ശരദ് പവാർ ആണെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ശിവസേനയിൽ കലാപം ആരംഭിച്ചതിന് പിന്നാലെ പലതവണ പവാർ ഉദ്ധവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജൂൺ 21 ന് ഉദ്ധവ് രാജിവെക്കേണ്ടതായിരുന്നു. വൈകുന്നേരം 5 മണിയോടെ ഫേസ്ബുക്ക് ലൈവിലൂടെ രാജി പ്രഖ്യാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം . എന്നാൽ രാജിവെക്കരുതെന്ന് മഹാവികാസ് അഘാടി സംഖ്യത്തിലെ മുതിർന്ന നേതാവ് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.പിന്മാറുന്നതിന് പകരം പ്രശ്നത്തെ ശാന്തമായും തന്ത്രപരമായും നേരിടാൻ അദ്ദേഹം പറഞ്ഞു എന്നാണ് വിവരം.
എന്നാൽ രാജി സന്നദ്ധത അറിയിക്കുന്നതിനായി ഉദ്ധവ് വീണ്ടും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നെന്നും, മുതിർന്ന നേതാവിന്റെ ഇടപെടൽ മൂലം ഇത് ഒഴിവാക്കുക ആയിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
Comments