ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. നൂപുർ ശർമ്മയെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് രണ്ട് യുവാക്കൾ ഉദയ്പൂരിലെ മൽദാസ് തെരുവിലെ തുന്നൽക്കടക്കാരനായ കനയ്യലാലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. കനയ്യ ലാലിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം പ്രതികൾ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ശക്തമായി പ്രതിഷേധിച്ചു. തുടർന്ന് മൽദാസ് തെരുവിലെ കടകൾ അടപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആൾക്കൂട്ടം പ്രതിഷേധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയിലുള്ള രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് ഉദയ്പൂർ ജില്ലാ കളക്ടറും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അഭ്യർത്ഥിച്ചു.
സംഭവത്തെ ശക്തമായി അപലപിക്കുന്നതായി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. ഉദയ്പൂരിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
















Comments