പാലക്കാട്: സ്വകാര്യ ബസ് ഡ്രൈവറുടെ ‘ ഒറ്റചവിട്ടിൽ’ രക്ഷപ്പെട്ടത് രണ്ട് ജീവനുകൾ. തൃശ്ശൂർ- കൊഴിഞ്ഞാമ്പാറ റൂട്ടിൽ ഓടുന്ന സുമംഗലി ബസിലെ ഡ്രൈവർ അക്ഷയ് ആണ് തക്ക സമയത്ത് ബ്രേക്കിൽ ആഞ്ഞ് ചവിട്ടി വൃദ്ധ ദമ്പതികളെ രക്ഷിച്ചത്. രണ്ട് ജീവനുകൾ രക്ഷിച്ചതിന് നാനാഭാഗത്തു നിന്നും അഭിനന്ദനങ്ങൾ ലഭിക്കുമ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ലെന്ന് അക്ഷയ് പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്നും കൊഴിഞ്ഞാമ്പറയിലേക്ക് പോകുന്നതിനിടെയാണ് വാളറയിൽവെച്ച് വൃദ്ധ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനം ബസിന് മുൻപിലേക്ക് അപ്രതീക്ഷിതമായി നീങ്ങിയത്. തിരക്കു നിറഞ്ഞ റോഡ് ആയിരുന്നതിനാൽ പതുക്കെയായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്.
ബസിനൊപ്പം ഇടത് വശത്തുകൂടി വൃദ്ധ ദമ്പതികളുടെ വാഹനം പോകുന്നത് അക്ഷയ്‌യുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇരുചക്രവാഹനത്തിന്റെ വേഗത കുറഞ്ഞപ്പോൾ അടുത്തെത്തിയ അക്ഷയ് ഹോണടിച്ചു. എന്നാൽ ഇരുചക്രവാഹനം അപ്രതീക്ഷിതമായി ബസിന് മുൻപിലൂടെ വലതുഭാഗത്തേക്ക് തിരിക്കുകയായിരുന്നു. ബ്രേക്കിൽ കയറി നിന്നാണ് അക്ഷയ് ബസ് നിർത്തിയത്. ബസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബ്രേക്ക് ചവിട്ടിയില്ലായിരുന്നുവെങ്കിൽ ദമ്പതികൾ ബസിനടിയിലാകുമായിരുന്നുവെന്ന് അക്ഷയ് പറഞ്ഞു. അപകടം നടന്നിരുന്നെങ്കിൽ തന്റെ ലൈസൻസ് റദ്ദാക്കിയേനെ. അതിനെക്കാൾ താൻ കാരണം രണ്ട് ജീവനുകൾ നഷ്ടപ്പെടുമായിരുന്നു എന്ന കുറ്റബോധവും ഉണ്ടാകുമായിരുന്നു. ഹെൽമറ്റ് ധരിക്കാതെയാണ് ഇരുവരും വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. വാഹനം ഓടിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്നും ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ അക്ഷയ് ഉപദേശിക്കുന്നു. ഒരാഴ്ച മുൻപാണ് അക്ഷയ് സുമംഗലി ബസിൽ ജോലി ആരംഭിച്ചത്.
സംഭവ സമയം ബസിൽ കണ്ടക്ടർ അരുൺ കുമാറും ഉണ്ടായിരുന്നു. നടുക്കം വിട്ടു മാറിയിട്ടില്ലെന്നാണ് അരുൺ കുമാറും പറയുന്നത്.
വീഡിയോ
Comments