കോഴിക്കോട്: ഇന്ത്യയിൽ കേരളമാണ് എല്ലാ രംഗങ്ങളിലും മാതൃകയെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ടിഎം തോമസ് ഐസക്ക്. സ്വർണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ
സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടത്തിയ പ്രസ്താവനയിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം.
ബിജെപി ഇടതുപക്ഷ ഭരണത്തെ ഇല്ലാതാക്കാൻ നോക്കുന്നത് ഈ രാഷ്ട്രീയ വിരോധം കൊണ്ടാണ്. ജനകീയ സർക്കാറിനെ അട്ടിമറിക്കാനുള്ള അക്രമണ സമരം തുടർന്നാൽ കോൺഗ്രസ്സും ബിജെപിയെപ്പോലെ തകർന്നടിയും. വിമാനത്തിൽ കയറി മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ പോലും മെനക്കെടുന്നവർ എന്തും ചെയ്യും. അവരെ പ്രതിരോധിക്കാൻ ജനശക്തിക്കേ കഴിയൂവെന്ന് തോമസ് ഐസക്ക് പറയുന്നു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാക്കും കേട്ട് തുള്ളുന്ന യുഡിഎഫിനെയും, ബിജെപിയേയും ജനങ്ങൾ തിരിച്ചറിയുമെന്ന് ഐസക്ക് പറയുന്നു. എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ഉണ്ടായ വികസന മുന്നേറ്റമാണ് കൂടുതൽ സീറ്റും, വോട്ടും നേടി രണ്ടാമതും ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചത്. അതോടെ യുഡിഎഫ് വെപ്രാളത്തിലായി. അതാണ് അക്രമ സമരത്തിന് യുഡിഎഫിനെ പ്രേരിപ്പിച്ചത്.
ഇടതുപക്ഷം കിഫ്ബിയിലൂടെ 70000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചതെന്നും റോഡുകളും പാലങ്ങളും, സ്കൂൾ-ആശുപത്രി കെട്ടിടങ്ങളും, വിവിധ പദ്ധതികളും നാട്ടിൽ നടപ്പായെന്നും ഐസക്ക് അവകാശപ്പെടുന്നു. എന്നാൽ കഴിഞ്ഞ ദിവസം സർക്കാർ നിയമസഭയിൽ പറഞ്ഞ കേരളത്തിന്റെ കടബാദ്ധ്യതയെക്കുറിച്ചുളള ഒരു പ്രതികരണവും പോസ്റ്റിൽ ഇല്ല.
. മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ മൊത്തം കടബാധ്യത 3,32,291 കോടി രൂപയാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രളയവും കൊറോണയുമാണ് ഇതിന് കാരണമായതെന്ന വിചിത്രവാദവും സർക്കാർ ഉയർത്തിയിരുന്നു.
Comments