തിരുവനന്തപുരം: 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എന്തിനാണ് മതപഠനം നൽകുന്നതെന്ന ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മുടെ രാജ്യത്തെ പല സ്ഥാപനങ്ങളിലും പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇസ്ലാമിക നിയമം എന്നത് ചില വ്യക്തികൾ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് എഴുതിയതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രവാചക നിന്ദയുടെ ശിക്ഷ തലയറുക്കലാണെന്ന് എന്തിനാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അഞ്ച് വയസ്സു മുതൽ മുസ്ലീം സമുദായത്തിലെ കുട്ടികൾ ഇസ്ലാമിക നിയമം എന്ന പേരിൽ ചിലത് പഠിച്ചു തുടങ്ങുന്നു. ഇസ്ലാമിക നിയമം എന്നത് ഖുർആൻ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് രാജഭരണ കാലത്ത് ചിലർ അവരുടെ താത്പര്യത്തിനൊത്ത് എഴുതിയ ഒന്നാണ്. ഇതാണ് ഇന്നും മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.
ഇസ്ലാമിക നിയമങ്ങൾ പരമോന്നത നിയമങ്ങൾ അല്ല. ഇത് എഴുതിയത് മനുഷ്യരാണെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കണം. ഇതാണ് മതവിദ്വേഷമെന്ന രോഗം വ്യാപിക്കാതിരിക്കാനുള്ള പോംവഴി. നമ്മൾ എല്ലാകാര്യങ്ങളും പെട്ടെന്ന് വിശ്വസിക്കുന്നവരാണ്. മതവിശ്വാസങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ച്. അതുകൊണ്ടുതന്നെ വിശ്വാസത്തിന്റെ പേരിൽ എന്തു ചെയ്യാനും അവർ തയ്യാറാകുന്നു. ചില ആളുകൾ ചില നിയമങ്ങൾ എഴുതി ഇസ്ലാമിക നിയമം എന്ന രീതിയിൽ അവതരിപ്പിച്ചു. ഇതൊന്നും ഇസ്ലാമിന്റെ ഭാഗമല്ല. പിന്നെ എങ്ങനെ ഇതിനെ എതിർക്കുന്നത് ഇസ്ലാമോഫോബിയയാകും.
14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സാർവ്വത്രികവുമായ വിദ്യാഭ്യാസം ഇന്ത്യയിലെ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. പിന്നെ എന്തിനാണ് കുട്ടികൾക്ക് സമാന്തര മതപഠനം. 14 വയസ്സാകുമ്പോഴേക്കും കുട്ടികൾ എന്ത് ശരി എന്ത് തെറ്റ് എന്ന് തിരിച്ചറിയാൻ പ്രാപ്തിയുള്ളവരാകും. മതപഠനം 14 വയസ്സിന് ശേഷം ആയിക്കോളു. എന്തിനാണ് അതിന് മുൻപ് കുട്ടികൾക്ക് മതപരമായ വിദ്യാഭ്യാസം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
മദ്രസ വിദ്യാഭ്യാസത്തെയല്ല മറിച്ച് അതിന്റെ പാഠ്യപദ്ധതിയോട് ആണ് തനിക്ക് വിയോജിപ്പ്. അതിൽ പഠിപ്പിക്കുന്നതിൽ പലതും മൗലികാവകാശങ്ങളുടെ ലംഘനം ആണ്. എല്ലാറ്റിന്റെയും അർഥം അതിൽ വളച്ചൊടിക്കപ്പെട്ടിരിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക മതതീവ്രവാദികൾ കഴുത്തറുത്തുകൊന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
















Comments