മുംബൈ : മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ആദ്യമായി മാദ്ധ്യമങ്ങളോട് പ്രതികരിച്ച് ഉദ്ധവ് താക്കറെ. ശിവസേനക്കാരെ മുഖ്യമന്ത്രിയാക്കാൻ ബിജെപിക്ക് താത്പര്യമുണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് തന്നെ ആക്കിയില്ലെന്ന് ഉദ്ധവ് ചോദിച്ചു. ഏക്‌നാഥ് ഷിൻഡെ ശിവസേനയുടെ മുഖ്യമന്ത്രി അല്ലെന്നും പുതിയ മുഖ്യമന്ത്രിയെ ജനങ്ങൾ തിരഞ്ഞെടുക്കുമെന്നും താക്കറെ പറഞ്ഞു.
ശിവ സൈനികൻ എന്ന് പറഞ്ഞ് നടക്കുന്നയാളെയാണ് ഇപ്പോൾ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്. എന്നാൽ അയാൾ ശിവസേനയുടെ മുഖ്യമന്ത്രിയല്ല. ഏക്‌നാഥ് ഷിൻഡെയ്‌ക്ക് പിന്തുണ നൽകില്ലെന്നും ഉദ്ധവ് പറഞ്ഞു. സ്വന്തം ആളുകൾ തന്നെ പിന്നിൽ നിന്ന് കുത്തിയെന്നാണ് ഉദ്ധവ് ആരോപിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജി വച്ച ശേഷമുള്ള താക്കറെയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്.
ഒരാഴ്ചയിലേറെ നീണ്ടു നിന്ന രാഷ്‌ട്രീയ നാടകങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഉദ്ധവ് ഫേസ്ബുക്ക് ലൈവിലൂടെ രാജി അറിയിച്ചത്. പിന്നാലെ ബിജെപി സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോയി. തുടർന്ന് ഇന്നലെ രാത്രി ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
Comments