തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നരവയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂര പീഡനം. കുഞ്ഞിന്റെ കാലിൽ ഇസ്തിരിപ്പെട്ടിക്കൊണ്ട് പൊള്ളലേൽപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വിഴിഞ്ഞം മുല്ലൂർ സ്വദേശി അഗസ്റ്റിനാണ് അറസ്റ്റിലായത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അഗസ്റ്റിൻ കടുത്ത മദ്യപാനിയും ലഹരിക്കടിമയുമാണെന്നാണ് വിവരം. ഇത്തരത്തിൽ ഒരു ദിവസം വീട്ടിൽ മദ്യപിച്ച് എത്തിയപ്പോഴാണ് മകളുടെ കാലിൽ ഇയാൾ പൊള്ളലേൽപ്പിച്ചത്.
നേരത്തെയും കുഞ്ഞിനെ ഇയാൾ പൊള്ളലേൽപ്പിച്ചിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് ശാസിച്ച് വിടുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ആവർത്തിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാൽ അഗസ്റ്റിൻ വീണ്ടും ഗുരുതരമായ രീതിയിൽ കുഞ്ഞിനെ പൊള്ളലേൽപ്പിക്കുകയായിരുന്നു.
Comments