പാലക്കാട്: പേ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ കുടുംബം രംഗത്ത്. ആഴത്തിൽ മുറിവേറ്റെന്ന് ആരും പറഞ്ഞില്ലെന്നും മരണത്തിലേക്ക് പോകുന്ന നിലയിൽ ആരോഗ്യനില മോശമാണെന്ന് ചികിത്സിച്ച ഒരു ഡോക്ടർമാരും അറിയിച്ചില്ലെന്ന് മരിച്ച ശ്രീലക്ഷ്മിയുടെ പിതാവ് സുഗുണൻ പറഞ്ഞു. വാക്‌സിനുകളെല്ലാം കൃത്യമായി എടുത്തിരുന്നതായും സുഗുണൻ വ്യക്തമാക്കി.
മരണകാരണം വാക്സിന്റെ ഗുണനിലവാര പ്രശ്നമല്ലെന്നും കടിയേറ്റ മുറിവിന്റെ ആഴം കൂടിയതാണെന്നുമായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി. റീത്ത പറഞ്ഞത്. ഇതിനെതിരെയാണ് ശ്രീലക്ഷ്മിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ശ്രീലക്ഷ്മിക്ക് ആഴത്തിൽ മുറിവേറ്റതായി ഒരു ഡോക്ടർമാരും പറഞ്ഞിരുന്നില്ലെന്നും, ആരോഗ്യനില ഇത്ര മോശമാകുന്ന കാര്യം ആരും അറിയിച്ചിരുന്നില്ലെന്നും സുഗുണൻ പറഞ്ഞു.
വാക്‌സിനുകളെല്ലാം കൃത്യമായി തന്നെ നല്കിയിട്ടുണ്ട്. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണ് പേവിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ കാണിച്ചത്. അധികൃതർക്ക് കാര്യങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച പറ്റിയതായി സംശയിക്കുന്നുവെന്നും സുഗുണൻ വ്യക്തമാക്കി.
കഴിഞ്ഞ 30നാണ് പാലക്കാട് മങ്കര സ്വദേശി ശ്രീലക്ഷ്മി പേ വിഷബാധയേറ്റ് മരിച്ചത്. അയൽ വീട്ടിലെ വളർത്തുനായയുടെ കടിയേറ്റ ശ്രീലക്ഷ്മിക്ക് എല്ലാ വാക്സിനുകളും ചികിത്സയും നൽകിയിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷം ആരോഗ്യനില മോശമാകുകയും തുടർന്ന് പെൺകുട്ടി മരിക്കുകയുമായിരുന്നു.
















Comments