പാലക്കാട്: വഴിയരികിൽ മാലിന്യം തള്ളിയ സംഭവത്തിൽ പാലക്കാട് നഗരസഭയിലെ ജീവനക്കാർക്കെതിരെ നടപടി. ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മാലിന്യ നിർമ്മാർജ്ജനത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഇതിന് പുറമേ ഹെൽത്ത് ഇൻസ്പെക്ടർക്ക് മെമ്മോയും നല്കി.
കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗരസഭയിലെ ജീവനക്കാർ ഒരു വിവാഹ വീട്ടിൽ നിന്നും ശേഖരിച്ച മാലിന്യം യാക്കര തിരുനെല്ലായി ബൈപ്പാസിലെ റോഡരികിൽ തള്ളിയത്. പരിസര ശുചിത്വം ഉറപ്പാക്കേണ്ടവർ തന്നെ റോഡിൽ മാലിന്യം തള്ളുന്നത് ചിലർ മൊബൈലിൽ വീഡിയോ എടുത്തു. ഇത് നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജീവനക്കാർക്ക് സസ്‌പെൻഷൻ നൽകിയത്.
മാലിന്യനിർമാർജ്ജന വിഭാഗത്തിൽ പ്രവർത്തിക്കുന്ന ആറ് ജീവനക്കാരെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്. ജീവനക്കാരുടെ മേൽനോട്ടത്തിൽ പിഴവ് വരുത്തിയതിനാണ് ഹെൽത്ത് ഇൻസ്പെക്ടർക്ക് മെമ്മോ നൽകിയത്. എന്നാൽ പിന്നീട് എടുത്തു മാറ്റുന്നതിനായി തത്ക്കാലത്തേക്ക് യാക്കര ഭാഗത്ത് മാലിന്യം റോഡരികിൽ ഇടുകയാണ് ചെയ്തത് എന്നാണ് നടപടി നേരിട്ട ജീവനക്കാരുടെ വിശദീകരണം.
ജീവനക്കാർ റോഡരികിൽ തള്ളിയ മാലിന്യം നഗരസഭ നീക്കം ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ചെയർപേഴ്‌സൻ പ്രിയ അജയൻ പറഞ്ഞു. നിലയിൽ രാത്രികാലങ്ങളിൽ പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നഗരസഭയിൽ പ്രത്യേക സ്‌ക്വാഡ് ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്.
Comments