ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ 2.12 ലക്ഷം കോടി രൂപ ബോണ്ട് വഴി ജൂലൈ- സെപ്തംബര്‍ മാസങ്ങളില്‍ കടം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ജൂലൈ മാസത്തില്‍ 62,640 കോടി , ഓഗസ്റ്റില്‍ 81,582 കോടി , സെപ്തംബറില്‍ 67,330 കോടി രൂപയും സംസ്ഥാനങ്ങള്‍ സമാഹരിക്കുമെന്നും അറിയിച്ചു. കടം ലേലം ചൊവ്വാഴ്ചകളിലാണ് നടക്കുന്നത്.
തടസ്സ രഹിതമായ രീതിയിലുള്ള ലേലങ്ങള്‍ നടത്താനാണ് ആര്‍ബിഐ പ്രയത്നിക്കുന്നത്. വിപണിയുടെ അവസ്ഥയും മറ്റു ഘടകങ്ങളും പരിഗണിക്കും. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം ലേലതുകയിലും തീയതികളിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ആര്‍ബിഐയുടെ നിരക്ക് വര്‍ദ്ധനവ് കൂടുതല്‍ സുരക്ഷിതമാകുന്നതോടെ വരും ആഴ്ചകളില്‍ സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.10 വര്‍ഷ സംസ്ഥാന വികസന ലോണുകള്‍ എടുക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വരും ആഴ്ചകളില്‍ 8 ശതമാനത്തോളം വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ജൂലൈ-സെപ്തംബര്‍ മാസത്തിലെ കടം വാങ്ങല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ത്രൈ മാസത്തെ അപേക്ഷിച്ച് 29 ശതമാനം കൂടുതലാണെന്നും ആര്‍ബിഐ വ്യക്തമാക്കി.
ജൂണില്‍ ജിഎസ്ടിയുടെ നഷ്ടംനികത്തല്‍ സെസ് അവസാനിപ്പിച്ചതോടെ സംസ്ഥാന വികസന ലോണുകളുടെ അന്തരത്തില്‍(എസ്ഡിഎല്) 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈ മാസത്തില്‍ നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധ അതിഥി നായര്‍ സൂചിപ്പിച്ചു.
Comments