ചിരിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മനുഷ്യൻ. അത് കൊണ്ട് തന്നെ തമാശപറയുന്നവർക്കും തമാശപരിപാടികൾക്കും എല്ലാം നല്ല മാർക്കറ്റാണ് ആളുകൾക്കിടയിൽ. അപ്പോൾ ലോകത്തിലെ ഏറ്റവും പ്രിയങ്കരമായ തമാശ ഏതാവും? അങ്ങനെ ഒന്നുണ്ടോ എന്നാണ് ചോദ്യമെങ്കിൽ ഉണ്ടെന്നാണ് ഡോ റിച്ചാർഡ് വൈസ്മാൻ എന്ന ഗവേഷകൻ പറയുന്നത്. അങ്ങനെ വെറുതെ പറയുന്നതല്ല. ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ അദ്ദേഹം അതിന് വ്യക്തമായ ഉത്തരവും കണ്ടെത്തി.
ലോകത്തെ ഏറ്റവും അധികം ചിരിപ്പിച്ച തമാശ കണ്ടെത്തുന്നതിനായി ഒരു വെബ്‌സൈറ്റിൽ തമാശകൾ വിലയിരുത്താൻ അദ്ദേഹം ആളുകളെ ക്ഷണിച്ചു. വായനക്കാരോട് തങ്ങൾക്ക് പ്രിയപ്പെട്ടതും രസകരവുമായ തമാശകൾ എഴുതി ചേർക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 2001 ൽ നടത്തിയ പരീക്ഷണത്തിൽ 40,000 ആളുകളാണ് പങ്കെടുത്തത്.രണ്ട് ദശലക്ഷത്തോളം റേറ്റിങ്ങും ലഭിച്ചു.
ഏറ്റവും ഒടുവിൽ അതിനുള്ള ഉത്തരം റിച്ചാർഡ് കണ്ടുപിടിച്ചു. മാഞ്ചസ്റ്ററിൽ നിന്നുള്ള മനശാസ്ത്രജ്ഞനായ ഡോ ഗുർപാൽ ഗോസലാണ് ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച തമാശ പങ്കുവെച്ചത്. ഏതാണാ തമാശയെന്നല്ലേ?
‘മരക്കൂട്ടത്തിനിടയിലൂടെ രണ്ട് വേട്ടക്കാർ നടന്നു നീങ്ങുകയായിരുന്നു. ഇതിനിടയിൽ ഒരാൾ തെന്നിയടിച്ച് വീണു. വീണയാൾക്ക് ശ്വാസോച്ഛാസം ഇല്ലെന്നും കണ്ണുകൾ തിളങ്ങുന്നതായും മറ്റേയാൾ കണ്ടു. ഉടൻതന്നെ അയാൾ ഫോണെടുത്ത് എമർജൻസി സർവീസുമായി ബന്ധപ്പെട്ടു.
അയാൾ: എന്റെ കൂട്ടുകാരൻ മരിച്ചു. ഞാൻ എന്താണ് ചെയ്യേണ്ടത്?
എമർജൻസി സർവീസ്: നിങ്ങൾ പേടിക്കാതെ, ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. ആദ്യം നിങ്ങളുടെ കൂട്ടുകാരൻ മരിച്ചെന്ന് ഉറപ്പാക്കൂ.
ഇതുപറഞ്ഞയുടൻ മറുതലയ്‌ക്കൽ കനത്ത നിശബ്ദത പടർന്നു. പിന്നെയൊരു വെടിയൊച്ചയാണ് കേട്ടത്. ഉടൻ തന്നെ മടങ്ങിയെത്തി ഫോൺ എടുത്ത് അയാൾ പറഞ്ഞു. അവൻ മരിച്ചു, ഇനിയെന്താണ് ചെയ്യേണ്ടത്?’
ഇപ്പോൾ കേൾക്കുമ്പോൾ അയ്യേ ഇതെന്ത് തമാശ എന്ന് ചോദിക്കാൻ വരട്ടെ. ഒരു തമാശ തമാശയായി തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്. പിരിമുറുക്കമുള്ള അന്തരീക്ഷം ഇല്ലാതാക്കുകയും ചിന്തിപ്പിക്കുകയും പിന്നീട് രസിപ്പിക്കുകയും ചെയ്യുന്ന തമാശകൾ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നു. അത്തരത്തിലൊരു തമാശയാണ് ഇത്. അതിനാലാണ് ഉയർന്ന റേറ്റിങ് ഗുർപാൽ പങ്കുവെച്ച തമാശയ്‌ക്ക് ലഭിച്ചത്.
Comments